തിരുവനന്തപുരം: അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. മുന്‍ പോലീസ് മേധാവിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വുമണ്‍ വനിതാ കമ്മിഷനെ സമീപിക്കുംമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അറിയിച്ചു.

സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ സെന്‍കുമാര്‍ ഫോണില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങള്‍ കേട്ടത്.

 മലയാള ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തി പിടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍ മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നുവെന്ന് കൂട്ടായ്മ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുന്‍ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങള്‍ കരുതുന്നു. അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും വുമണ്‍ ഇന് സിനിമ കളക്ടീവ് അഭ്യര്‍ത്ഥിച്ചു.