കൊച്ചി: മലയാള വെള്ളിത്തിരയുടെ പ്രിയ നായകന്‍ മോഹന്‍ലാലിന്‍റെ മകന്‍ പ്രണവ് നായകനാകുന്ന രണ്ടാമത്തെ ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്. ആദ്യ ചിത്രം ആദിയില്‍ പ്രണവിന് നായിക ഉണ്ടായിരുന്നില്ല. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ സായ ഡേവിഡ് പ്രണവിന്‍റെ ആദ്യ നായികയായെത്തുകയാണ്.

ചിത്രത്തില്‍ അഭിനയിക്കുന്നതിലെ സന്തോഷവും പ്രണവിനൊപ്പമുള്ള ആനന്ദ നിമിഷങ്ങളെക്കുറിച്ചും വിവരിക്കാന്‍ സായക്ക് നൂറു നാവാണ്. താരജാഡകള്‍ ഒട്ടുമേയില്ലാത്ത നടനാണെന്ന് സായ സാക്ഷ്യപ്പെടുത്തുന്നു. പ്രണവിന്‍റെ ഓമനപ്പേരായ അപ്പു എന്ന് തന്നെയാണ് സായയും വിളിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പ്രണവിന്‍റേതെന്നാണ് സായ പറയുന്നത്.

പ്രണവിനെക്കുറിച്ച് നേരത്തെ തന്നെ കേട്ടിട്ടുണ്ടെങ്കിലും ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. പ്രണവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും ആദ്യ നായിക പറയുന്നു. ലൊക്കേഷനില്‍ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങള്‍ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണമെന്നും സായ വിവരിക്കുന്നു.

റേച്ചൽ ഡേവിഡ് എന്ന സായ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാംനൂറ്റാണ്ട്. ആദ്യ ചിത്രമായ ഒരൊന്നൊന്നര പ്രണയകഥ ഇനിയും തീയറ്ററുകളിലെത്തിയിട്ടില്ല. രണ്ടാമത്തെ ചിത്രത്തിലെത്തുന്പോള്‍ പ്രണവിന്‍റെ ആദ്യ നായികയാകാന്‍ സാധിച്ചത് സന്തോഷം പകരുന്നതാണെന്ന് സായ പറയുന്നു.