'കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് 25000 സൈനികര്‍ ശൌര്യചക്ര അവാര്‍ഡ് തിരികെ നല്‍കി'. തെലുഗ് മാധ്യമമായ പ്രജാശക്തിയില്‍ വന്ന വാര്‍ത്ത അടക്കം വ്യാജപ്രചാരണം വ്യാപകമാവുന്നു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ദില്ലിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നീക്കമെന്നാണ് വാര്‍ത്ത അവകാശപ്പെടുന്നത്. 

പത്മ പുരസ്കാരങ്ങള്‍ അടക്കമുള്ളവ പ്രമുഖര്‍ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തിരികെ നല്‍കുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രാദേശിക മാധ്യമത്തില്‍ ശൌര്യചക്ര അവാര്‍ഡ് കരസേനയിലുള്ള 25000 പേര്‍ തിരികെ നല്‍കുന്നുവെന്ന് പ്രചരിച്ചത്. 

എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. 1956മുതല്‍ 2019വരെ വിതരണ ചെയ്തിട്ടുള്ളത് 20148 ശൌര്യചക്ര മാത്രമാണെന്നും പിഐബി വിശദമാക്കുന്നു. കര്‍ഷക സമരത്തിന് പിന്തുണയുമായി 25000 സൈനികര്‍ ശൌര്യചക്ര അവാര്‍ഡ് തിരികെ നല്‍കിയെന്ന പ്രചാരണം വ്യാജമാണ്.