നോയിഡ: രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ തട്ടിപ്പിന് കൊവിഡ് കാലത്തും കുറവില്ല. ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ഒഴിവുകള്‍ എന്ന വ്യാജ പരസ്യം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അതിനാല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിയമന ഉത്തരവ് എന്ന തലക്കെട്ടില്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സര്‍ക്കുലറിന് പിന്നിലെ വസ്‌തുത പരിശോധിക്കപ്പെടേണ്ടതാണ്. 

 

പ്രചാരണം ഇങ്ങനെ

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റേത് എന്ന് തോന്നിക്കുന്ന ലെറ്റര്‍ പാഡിലാണ് സാമൂഹിക മാധ്യമങ്ങളില്‍ സര്‍ക്കുലര്‍ പ്രചരിക്കുന്നത്. ഐഒസിയുടെ ലോഗോ ഇതില്‍ കാണാം. സര്‍വീസ് മാനേജര്‍ തസ്തികയിലേക്കുള്ള നിയമന ഉത്തരവാണ് കത്തിലുള്ളത്. യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം നോയിഡയിലെ ഓഫീസിലെത്തി ജോലിയില്‍ പ്രവേശിക്കാനാണ് ഇതില്‍ പറയുന്നത്. ഓഗസ്റ്റ് 24 ആണ് പുറത്തിറക്കിയ സര്‍ക്കുലര്‍ എന്നാണ് നല്‍കിയിരിക്കുന്ന തീയതി. 

വസ്‌തുത

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിയമന കത്ത് വ്യാജമാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ്(പിഐബി ഫാക്‌ട് ചെക്ക്) ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇത്തരമൊരു നിയമന ഉത്തരവ് പുറത്തിറക്കിയിട്ടില്ല എന്നും തൊഴില്‍ അവസരങ്ങളെ കുറിച്ച് അറിയാന്‍ ഐഒസിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനും പിഐബി നിര്‍ദേശിച്ചു. 

 

പ്രചരിക്കുന്നത് വ്യാജ സന്ദേശമാണ് എന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24ന് ഇത്തരമൊരു നിയമന ഉത്തരവ് ഐഒസി പുറത്തിറക്കിയിട്ടില്ല. 

 

നിഗമനം

കൊവിഡ് 19 വ്യാപനത്തിനിടെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പേരില്‍ പ്രചരിക്കുന്ന നിയമന ഉത്തരവും ഇത്തരത്തില്‍ വ്യാജമാണ്. നേരത്തെ ഇന്ത്യന്‍ റെയില്‍വേയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്‌തും തൊഴില്‍ തട്ടിപ്പ് നടന്നിരുന്നു. 

എല്ലാ പെണ്‍കുട്ടികള്‍ക്കും 2000 രൂപ നല്‍കുന്ന കേന്ദ്ര പദ്ധതി സത്യമോ; തിരക്കിട്ട് ഫോം പൂരിപ്പിക്കേണ്ടതുണ്ടോ?

ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ അക്ഷയ വഴി അവസരം; പ്രചാരണത്തിലെ വസ്തുത

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​