ഇന്ത്യാ മുന്നണിക്കായി ഇതിഹാസ ക്രിക്കറ്റര്‍ വോട്ട് അഭ്യര്‍ഥിച്ചു എന്നും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം 

രാജ്യം പൊതുതെരഞ്ഞെടുപ്പ് 2024ന്‍റെ ആവേശത്തിലാണ്. ഏഴ് ഘട്ടമായി നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ടം ഉടന്‍ നടക്കാനിരിക്കുന്നു. ഇതിനിടെ ഒരു പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകനും ഇതിഹാസ താരവുമായ എം എസ് ധോണി കോണ്‍ഗ്രസ് പാര്‍ട്ടിക്കായി വോട്ട് ചെയ്‌തുവെന്നും ഇന്ത്യാ മുന്നണിക്കായി വോട്ട് അഭ്യര്‍ഥിച്ചുവെന്നുമാണ് പ്രചാരണം. എന്താണ് ഇതിലെ വസ്‌തുത?

പ്രചാരണം

'ഞാന്‍ കോണ്‍ഗ്രസിനായാണ് വോട്ട് ചെയ്‌തത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ജനാധിപത്യം സംരക്ഷിക്കാന്‍ ഇന്ത്യാ മുന്നണിക്കായി വോട്ട് ചെയ്യാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുകയാണ്' എന്നും ധോണി പറ‍ഞ്ഞതായാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. മഷി പുരട്ടുന്ന വിരല്‍ ഉയര്‍ത്തിക്കാട്ടുന്നതും മറ്റൊരു കൈ തുറന്നുപിടിച്ച് ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന തരത്തിലുള്ള ധോണിയുടെ ചിത്രം സഹിതമാണ് പ്രചാരണം. 

വസ്‌തുത

എം എസ് ധോണിയുടെ ഫോട്ടോ ഇപ്പോഴത്തേത് അല്ല, 2020ലേതാണ് എന്നതാണ് ആദ്യ വസ്‌തുത. ധോണിയുടെ ഈ ചിത്രം 2020 ഒക്ടോബര്‍ 5ന് അദേഹത്തിന്‍റെ ഐപിഎല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റ് ചെയ്‌തതാണ്. സിഎസ്‌കെയ്‌ക്ക് ട്വിറ്ററില്‍ ആറ് മില്യണ്‍ ഫോളോവേ‌ഴ്‌സ് ആയതിന് നന്ദി പറഞ്ഞുകൊണ്ട് ധോണി വലത്തേ കൈയിലെ അഞ്ച് വിരലുകളും ഇടത്തേ കൈയിലെ ഒരു വിരലും ഉയര്‍ത്തിക്കാട്ടി 6 എന്ന മുദ്രയോടെ ആരാധകര്‍ക്ക് നന്ദിപറയുന്നതാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം. ഫോട്ടോയ്‌ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 എന്നല്ല, ഒരു ഇലക്ഷനുമായും ബന്ധമില്ല എന്നതാണ് യാഥാര്‍ഥ്യം. 

Scroll to load tweet…

ധോണി ആരാധകര്‍ക്ക് നന്ദി പറഞ്ഞതായുള്ള വാര്‍ത്ത 2020ല്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ പ്രസിദ്ധീകരിച്ചതാണ്. മാത്രമല്ല, 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ധോണി കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്നോ, ഇന്ത്യാ മുന്നണിക്ക് വോട്ട് ചെയ്യാന്‍ താരം അഭ്യര്‍ഥിച്ചതായോ ആധികാരികമായ യാതൊരു വിവരവും ലഭ്യമല്ല. 

Read more: ഇന്ന് കൊട്ടിക്കലാശം, വരുന്നു നിശബ്ദ പ്രചാരണം; ഇവ ലംഘിച്ചാല്‍ കര്‍ശന നടപടി, തടവുശിക്ഷ വരെ ലഭിക്കും