ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് എടുക്കുന്നതിന് സെപ്തംബര്‍ മാസം അവസാനവും ഒക്ടോബര്‍ മാസം ആദ്യവും അക്ഷയ സെന്‍റര്‍ വഴി അവസരമൊരുങ്ങുന്നുവെന്ന പ്രചാരണത്തിലെ വസ്തുതയെന്താണ്? അറിയിപ്പ് എന്ന കുറിപ്പോടെയാണ് കാര്‍ഡ് വ്യാപക പ്രചാരം നേടിയത്. 

ഏതാനും ദിവസങ്ങളായി ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ വൈറലായ കാര്‍ഡിലാണ് ആരോഗ്യ ഇന്‍ഷുറന്‍സിന്‍റെ കാര്‍ഡ് പുതുക്കലിനേക്കുറിച്ച്  പറയുന്നത്. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡുള്ള ആര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് വ്യാപക പ്രചാരം നേടിയ കാര്‍ഡില്‍ വിശദമാക്കുന്നത്. അക്ഷയ സെന്‍ററുകള്‍ മുഖേന കാര്‍ഡിന് അപേക്ഷിക്കാമെന്നും പരമാവധി ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കണമെന്ന നിര്ദ്ദേശത്തോടെയാണ് കാര്‍ഡിലെ കുറിപ്പ്. 

ഈ അറിയിപ്പിലെ പ്രചാരണം തെറ്റാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍റെ വസ്തുതാ പരിശോധക വിഭാഗം കണ്ടെത്തി. ഈ പ്രചാരണത്തില്‍ വസ്തുതയില്ലെന്ന് അക്ഷയ കേന്ദ്രങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന കേരള സംസ്ഥാന ഐടി മിഷന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഐടി മിഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.