ദില്ലി: രാജ്യത്ത് കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളുടെ പ്രളയമാണ്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗജന്യ ലാപ്‌ടോപും സ്‌കോളര്‍ഷിപ്പികളും നല്‍കുന്നു എന്നുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സന്ദേശം കൂടി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ദിവസേന 10 ജിബി സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്നു എന്നതാണ് പുതിയ പ്രചാരണം. 

പ്രചാരണം ഇങ്ങനെ

'കൊവിഡ് മഹാമാരിമൂലം സ്‌കൂളുകളും കോളേജുകളും അടച്ചത് വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിച്ചിരിക്കുന്നു. അതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാക്കാനായി എല്ലാ വിദ്യാര്‍ഥികള്‍ക്കും ദിനംപ്രതി 10 ജിബി സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്നു' എന്നാണ് വാട്‌സ്‌ആപ്പിലെ വൈറല്‍ സന്ദേശത്തില്‍ പറയുന്നത്. ഈ സേവനം ലഭിക്കുന്നതിനായി അപേക്ഷിക്കേണ്ട ലിങ്ക് സഹിതമാണ് പ്രചാരണം. ഈ സന്ദേശം എല്ലാവരിലും എത്തിക്കാനും ആവശ്യപ്പെടുന്നു. 

വസ്‌തുത

എന്നാല്‍ വൈറല്‍ സന്ദേശത്തിലെ അവകാശവാദം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. സന്ദേശത്തില്‍ പറയുന്നപോലെ സൗജന്യ ഇന്‍റര്‍നെറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നില്ല എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം(പിഐബി ഫാക്‌ട് ചെക്ക്) അറിയിച്ചു.  

നിഗമനം

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലും പരീക്ഷയിലും പങ്കെടുക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്ക് ദിവസേന 10 ജിബി ഇന്‍റര്‍നെറ്റ് നല്‍കുന്നു എന്ന പ്രചാരണം വ്യാജമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...​​​