നമ്മളില്‍ പലരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫിയിലായിരിക്കും. എന്നാല്‍ കോഫി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദഗ്ധര്‍ മുന്‍പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോഫി കുടിക്കുന്നതിനും പരിധിയുണ്ടെന്നും എത്രത്തോളം അളവിലുളള കോഫി കുടിയാണ് ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും പോലും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോഫിയുടെ ഈ ഗുണത്തെ കുറിച്ച് അറിഞ്ഞോള്ളൂ. 

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍  പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ബ്ലാക്ക് കോഫി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. പാലും മധുരവും കോഫിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. പകരം നിങ്ങളുടെ കോഫിയില്‍ കൊക്കൊ പൌഡറും ഫ്‌ളാക്‌സ് സീഡും ചേര്‍ക്കണം.  കൊക്കൊ പൌഡറും ഫ്‌ളാക്‌സ് സീഡും ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്ത് അമിത വണ്ണം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ഫ്‌ളാക്‌സ് സീഡ് അഥവാ ചണവിത്തില്‍ ഫൈബര്‍, ആല്‍ഫ ലിനോയിക് ആസിഡ് എന്നിവ  അടങ്ങിയിട്ടുണ്ട്.  ഇത് ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. 

ഇതിനായി ചൂട് വെളളത്തിലേക്ക് ഒരു ടീസ്പ്പൂണ്‍ കോഫി പൌഡര്‍, അര ടീസ്പ്പൂണ്‍ കൊക്കെ പൌഡര്‍, അര ടീസ്പ്പൂണ്‍ ഫ്ളാക്സ് സീഡും ചേര്‍ത്ത് ദിവസവും രാവിലെ കുടിക്കുക. ശരീരഭാരം കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.