ബാങ്കോങ്ക്: സാവാളയും മയോണൈസും മാംസ്യവും നിറച്ച ഒരു ഭീമൻ ബർ​ഗർ ആണ് ബാങ്കോങ്കിലെ ഇപ്പോഴത്തെ താരം. ആറ് കിലോ തൂക്കമുള്ള ഈ ബർ​ഗർ ഒമ്പത് മിനിറ്റിനുള്ളിൽ കഴിച്ചു തീർക്കുന്നവർക്ക് പത്തായിരം രൂപയാണ് ബർ​ഗറിന്റെ ഉടമയായ കോംഡെക്ക് കോങ്സുവാൻ സമ്മാന തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.

23,357 രൂപ വിലവരുന്ന ആറ് കിലോ ക്രിസ് സ്റ്റേക്ക് ബർ​ഗർ കഴിക്കുന്നയാള്‍ക്കാണ് 10,000 രൂപ സമ്മാന തുകയായി ലഭിക്കുക. ഭീമൻ ​ബർ​ഗർ മുഴുവനും തിന്നാനാകാതെ ആളുകൾ മടങ്ങിയതോടെയാണ് ഇതൊരു ചലഞ്ച് ആയി പ്രഖ്യാപിക്കാമെന്ന് തീരുമാനിച്ചതെന്ന് കോംഡെക്ക് പറയുന്നു.

ഇതുവരെ മൂന്ന് പേരാണ് ബർ​ഗർ കഴിക്കാൻ ശ്രമിച്ചത്. ഇതിൽ പാക്കോൺ പോർ‌ചീവാങ്‌കൂൺ എന്നയാൾ ബർ​ഗർ മുഴുവനും തിന്ന് തീർത്തിരുന്നു. എന്നാൽ, ഒമ്പത് മിനിറ്റിലധികം സമയമെടുത്താണ് അദ്ദേഹം ബർ​ഗർ കഴിച്ചത്. അതിനാൽ‌ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കാൻ കഴിഞ്ഞില്ലെന്നും കോംഡെക്ക് കൂട്ടിച്ചേർത്തു.

ബാങ്കോങ്കിലെ ഏറ്റവും വലിയ ബർ​​ഗർ തിന്ന് സമ്മാന തുക സ്വന്തമാക്കുന്നതിനായി നിരവധിയാളുകളാണ് ദിവസവും കോംഡെക്കിന്റെ കടയിൽ എത്തുന്നത്. മത്സരത്തിൽ പങ്കെടുത്തവരെല്ലാം പരാജയപ്പെട്ടെങ്കിലും കലോറി ചലഞ്ച് വളരെ ആവേശകരമായി എടുത്തിരിക്കുകയാണ് ബാങ്കോങ്കിലെ ഭക്ഷണപ്രിയർ.

ചിക്കൻ, പന്നി, ബീഫ് എന്നീങ്ങനെ മൂന്ന് തരം ബർ​ഗറുകളാണുള്ളത്. ആറ് കിലോ വരുന്ന ബീഫ് ബർ​ഗറിന് 5,856 രൂപയും പന്നി ഇറച്ചി നിറച്ച ബർഗറിന് 8,200 രൂപയുമാണ് വില.