പ്രമേഹം ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ തുടര്‍ന്നങ്ങോട്ടുള്ള കാലം മുഴുവന്‍ ആധിയായിരിക്കും. പ്രധാനമായും ജീവിതരീതികളിലുള്ള നിയന്ത്രണമാണ് പ്രമേഹത്തെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗവും. അതില്‍ എന്തെങ്കിലും പാളിച്ചകള്‍ സംഭവിച്ചാല്‍ രോഗം വീണ്ടും സങ്കീര്‍ണമാകുമോ, അല്ലെങ്കില്‍ അല്‍പമെങ്കിലും ഭേദമായ അവസ്ഥ തകിടം മറിയുമോ എന്നൊക്കെയായിരിക്കും ആധികള്‍.

ഭക്ഷണപാനീയങ്ങളുടെ കാര്യത്തിലാണ് പ്രമേഹരോഗികള്‍ ഏറ്റവുമധികം കരുതലെടുക്കുന്നത്. പലതും ഒഴിവാക്കേണ്ടിവരും, പലതിനും കടുത്ത നിയന്ത്രണം വയ്‌ക്കേണ്ടിവരും. എന്നാല്‍ ചിലതൊക്കെ തെരഞ്ഞെടുത്ത് കഴിക്കേണ്ടിയും വരും. അത്തരത്തിലുള്ള നാല് ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

മിക്ക വീടുകളിലും സര്‍വസാധാരണമായി കാണുന്ന ഒരു 'സ്‌പൈസ്' ആണ് കറുവപ്പട്ട. ടൈപ്പ്- 2 പ്രമേഹത്തെ പ്രതിരോധിക്കാന്‍ പട്ടയ്ക്ക് കഴിവുണ്ടെന്നാണ് പല പഠനങ്ങളും അവകാശപ്പെടുന്നത്. രക്തസമ്മര്‍ദ്ദം വരുതിയിലാക്കാനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി കൂടാനുമെല്ലാം പട്ട സഹായകമാണത്രേ. 

 

 

സാധാരണഗതിയില്‍ കറികളോ, നെയ്‌ച്ചോര്‍ പോലുള്ള റൈസ് വിഭവങ്ങളിലോ ഒക്കെയാണ് പട്ട നമ്മള്‍ ചേര്‍ക്കാറ്. ചിലര്‍ ചായയിലും പട്ട ചേര്‍ത്ത് കഴിക്കാറുണ്ട്. ഏത് രീതിയിലാണെങ്കിലും ഇത് ടൈപ്പ് 
-2 പ്രമേഹരോഗികള്‍ക്ക് ഗുണകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രണ്ട്...

പാവയ്ക്കയാണ് ഈ പട്ടികയില്‍ രണ്ടാമതായി വരുന്നത്. പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികള്‍ക്ക് ഡോക്ടര്‍മാര്‍ തന്ന നിര്‍ദേശിക്കാറുള്ള ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനാണത്രേ ഇത് സഹായിക്കുക. ടൈപ്പ്-2 പ്രമേഹം ഉള്ളവര്‍ക്ക് തന്നെയാണ് പാവയ്ക്കയും ഏറെ ഉപകരിക്കപ്പെടുന്നത്. 

മൂന്ന്...

മൂന്നാമതായി പ്രമേഹരോഗികള്‍ കഴിക്കേണ്ടത് ജീരകമാണ്. ഭക്ഷണത്തിലൂടെ അകത്തെത്തുന്ന കാര്‍ബോഹൈഡ്രേറ്റ്, ഷുഗര്‍ എന്നിവയുടെ വിഘടനത്തെ പതുക്കെയാക്കാന്‍ ജീരകത്തിന് കഴിവുണ്ടത്രേ. ഇങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ജീരകം ഫലപ്രദമാകുന്നത്. മാത്രമല്ല, കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ജീരകം സഹായപ്രദമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

നാല്...

നമ്മള്‍ ഈ പട്ടികയില്‍ പെടുമെന്ന് പ്രതീക്ഷിക്കാത്ത ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്. കറ്റാര്‍വാഴയാണ് ഈ കക്ഷി. മുടിക്കും ചര്‍മ്മത്തിനുമെല്ലാം ഏറെ ഗുണകരമായ ഒന്നാണ് കറ്റാര്‍വാഴയെന്ന് നമുക്കറിയാം. 

 

 

എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കാനും വണ്ണം കുറയക്കാനും - അങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉള്ള പരിഹാരം കൂടിയാണ് കറ്റാര്‍വാഴയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പിത്താശയത്തിലെ 'ബീറ്റ സെല്ലു'കളെ സംരക്ഷിക്കാനും അവയിലെ കേടുപാടുകള്‍ പരിഹരിക്കാനും കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കുമത്രേ. 

ഇങ്ങനെയാണ് കറ്റാര്‍വാഴ പ്രമേഹത്തെ ചെറുക്കാന്‍ ഉപകരിക്കുന്നത്. കറ്റാര്‍വാഴ ജ്യൂസായോ അല്ലെങ്കില്‍ സപ്ലിമെന്റുകള്‍ ആയോ കഴിക്കാവുന്നതാണ്. പക്ഷേ, സപ്ലിമെന്റുകള്‍ കഴിക്കുന്നതിന് മുമ്പ് തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടണം എന്ന് മാത്രം.