ചായയും കാപ്പിയുമാണ് ലോകമെമ്പാടുമുള്ള മനുഷ്യർ ഏറ്റവും അധികം ഉപയോഗിക്കുന്ന ലഘുപാനീയങ്ങൾ. ചായ ഇലയാണെങ്കിൽ കാപ്പി കുരുവാണ്. ഇന്ത്യയിലെ മലമ്പ്രദേശങ്ങളിൽ ധാരാളം കൃഷിചെയ്യുന്നവയാണ് കാപ്പിയും ചായയും എന്നതുകൊണ്ടുതന്നെ നമ്മുടെ നാട്ടിൽ എവിടേയും സുലഭവുമാണ് ഇവ. എന്നാൽ അത്രത്തോളം തന്നെയാണ് ഇവയിലെ മായത്തിന്റെ അളവുമെന്ന് ഭക്ഷ്യോപയോഗവസ്തുക്കളുടെ ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ വ്യക്തമാക്കുന്നു. ഗുണം കുറഞ്ഞാലും ആരോഗ്യത്തിന് വലിയ അപകടമൊന്നുമുണ്ടാക്കാത്തവ മുതൽ ശരീരവ്യവസ്ഥയെ പാടെ താളം തെറ്റിക്കുന്ന വരെയുണ്ട് കാപ്പിപ്പൊടിയിലെ മായക്കൂട്ടുകളിൽ.

കാപ്പിപ്പൊടി എങ്ങനെ?

ചായയിൽ ഇന്ത്യൻ ചായകളാണ് പേരു കേട്ടതെങ്കിൽ കാപ്പിയിൽ വിദേശികൾക്കാണ് പെരുമ. ലാറ്റിനമേരിക്കൽ നാടുകളിൽ നിന്നുള്ള കാപ്പിപ്പൊടികൾ വരെ നമ്മുടെ നാട്ടിലെ വിപണിയിലുണ്ട്. നാടൻ കാപ്പിക്കും ആരാധകരേറെ. ചായയിൽ നിന്നു വ്യത്യസ്തമായി ഒട്ടേറെ പാചകവിധികളും കാപ്പിക്കുണ്ട്. അതിലും വിദേശരുചികൾക്കാണ് കൂടുതൽ പെരുമ. ചൂടുകാപ്പിയെപ്പോലെതന്നെ ജനങ്ങൾക്കു പ്രിയപ്പെട്ടതാണ് തണുത്തകാപ്പിയും. കാപ്പിച്ചെടിയുടെ കായയിലെ മാംസളമായ ഭാഗം കളഞ്ഞ് എടുക്കുന്ന കുരു ഉണക്കി വറുത്തെടുത്ത് അതു പൊടിച്ചാണ് കാപ്പിപ്പൊടി ഉണ്ടാക്കുന്നത്. കാപ്പിക്കുരുവിന്റെ ഉണക്കലും വറുക്കലുമാണ് കാപ്പിയുടെ രുചിഭേദങ്ങളെ അടിസ്ഥാനപരമായി നിർണ്ണയിക്കുന്നത്. ഇങ്ങനെ കിട്ടുന്ന ശുദ്ധമായ കാപ്പിപ്പൊടിയിൽ വിവിധ ഫ്ലേവറുകൾ ചേർത്തും വിപണിയിലെത്തിക്കുന്നുണ്ട്. 

ആരോഗ്യപരമായി കാപ്പിയെക്കുറിച്ച് നല്ലതു പറയുന്നവർ അപൂർവ്വമാണ്. കാപ്പി കുടിച്ചാൽ കിട്ടുന്ന ഉത്തേജനത്തിനു കാരണമായ കഫൈൻ ആണ് കാപ്പിയിലെ ആരോഗ്യപരമായ വില്ലനും. ഒരു കുഞ്ഞു മയക്കുമരുന്നിന്റെ l നിലവാരത്തിൽ വരെ കഫൈനിനെ കാണുന്നവർ ആരോഗ്യരംഗത്തുണ്ട്. എന്തായാലും കാപ്പി അധികം കുടിക്കരുതെന്നാണ് ഡോക്ടർമാരുടെ പൊതു ഉപദേശങ്ങളിൽ ഒന്ന്. എന്നാൽ നിയന്ത്രിത അളവിലെ കാപ്പിക്ക് ആരോഗ്യപരമായ ചില ഗുണങ്ങളുമുണ്ടെന്ന് ഗവേഷണങ്ങളുമുണ്ട്. ടെപ്പ് 2 പ്രമേഹത്തെ ചെറുക്കാനും ചിലതരം ക്യാൻസർ കോശങ്ങളെ പ്രതിരോധിക്കാനും അൾഷിമേഴ്സിനെ നിയന്ത്രിക്കാനും കാപ്പിയിലെ ഘടകങ്ങൾ സഹായകരമാകുന്നു. 

ആരാധകരുള്ള മായം

കാപ്പിയിലെ മായം ചേർക്കലിലെ പ്രധാന വില്ലന് ആരാധകരും ഏറെയാണ്. അല്പം കയ്പ്പു രസമുള്ള കാപ്പിയുടെ രുചി വർദ്ധിപ്പിക്കാനെന്ന പേരിൽ ചേർക്കുന്ന ചിക്കറിയും 'ബ്ലെൻഡഡ്' കാപ്പിയിലെ സിറിയൽസും മായത്തിന്റെ പ്രധാന സ്രോതസ്സുകളാണെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു. ചിക്കറിയും സിറിയൽ സ്റ്റാർച്ചും തന്നെ മായമായാണ് കണക്കാക്കപ്പെടുന്നത്. ശുദ്ധമായ, വിലയേറിയ കാപ്പിപ്പൊടിയിൽ വില കുറഞ്ഞ ചിക്കറിയും സ്റ്റാർച്ചും വൻതോതിൽ കലർത്തി ഗുണം കുറച്ച് വില്പനക്കെത്തിക്കുന്നു. ചായയിലും ചിക്കറിയും മറ്റും കലർത്തുന്നുണ്ടെങ്കിലും കാപ്പിയിലാണ് ഈ മായം മുഖ്യമായും കാണുന്നത്. മറ്റൊന്ന് പുളിങ്കുരുവും കടുകും ഒക്കെ പൊടിച്ച് കാപ്പിപ്പൊടിക്കൊപ്പം കലർത്തുന്നതാണ്. ഉപയോഗിച്ച് കളയുന്ന കാപ്പിപ്പൊടിയും ഉപയോഗയോഗ്യമല്ലാത്ത കാപ്പിപ്പൊടിയും ഒക്കെ ഇങ്ങനെ നല്ല കാപ്പിപ്പൊടിയുടെ ഒപ്പം കലർത്തി കൃത്രിമ നിറങ്ങളും എസെൻസുമൊക്കെ ചേർത്ത് വിപണിയിലെത്തിക്കുന്നു. ചായയിലേതുപോലെ  പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ, പ്ലംബാഗോ (ഗ്രാഫൈറ്റ്), കോൾ ടാർ ഡൈ, അസോ ഡൈ തുടങ്ങിയവയൊക്കെ കാപ്പിപ്പൊടിയിൽ ചേർക്കുന്ന നിറങ്ങളാണ്. തൂക്കം കൂടാനായി ലോഹത്തരികളും മണ്ണുമൊക്കെ പാക്കറ്റുകളിൽ കലർത്തി വില്പനക്കെത്തിക്കുന്നവരേയും ഈ രംഗത്ത് കാണാം.

ആസ്ത്മയും വ്രണങ്ങളും

ദഹനപ്രശ്നങ്ങളാണ് മായം കലർന്ന കാപ്പിപ്പൊടിയുടെ അടിയന്തിര ഫലങ്ങളിലൊന്ന്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണ് ഇതിൽ കലർത്തുന്ന ചായങ്ങൾ. പലതും അതിന്റെ ശരിയായ രൂപത്തിൽ ഒന്നാന്തരം വിഷങ്ങളാണ്. ആസ്ത്മയും കുടൽ വ്രണങ്ങളുമൊക്കെ ഇവ ചേർക്കുന്ന കാപ്പി കുടിക്കുന്നതുമൂലം ഉണ്ടാകാം. ലോഹത്തരികളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നവയാണ്. കാപ്പിക്കുണ്ടെന്നു പറയുന്ന ഗുണഫലങ്ങളൊന്നും മായം ചേർന്ന കാപ്പിയിൽ നിന്ന് കിട്ടില്ലെന്നു മാത്രമല്ല, ശുദ്ധമായ കാപ്പി ചെറുക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കൊക്കെ വളം വയ്ക്കുകയും ചെയ്യും.

കണ്ടെത്താം മായം

കാപ്പിയിൽ ചിക്കറിയുണ്ടോ എന്നറിയാൽ ഒരു ഗ്ലാസ് തണുത്ത വെള്ളത്തിലേക്ക് കുറച്ചു കാപ്പിപ്പൊടിയിട്ടാൽ മതി. ചിക്കറി വേഗത്തിൽ അടിയുകയും വെള്ളത്തിൽ അതിന്റെ നിറം കലരുകയും ചെയ്യും. മണ്ണ് കലർത്തിയിട്ടുണ്ടെങ്കിലും ഗ്ലാസിന്റെ ചുവട്ടിൽ അടിയും. ഇരുമ്പുപൊടിയാണ് തൂക്കം കൂട്ടാൻ കലർത്തിയിരിക്കുന്നതെങ്കിൽ ഒരു കാന്തത്തിന്റെ സഹായത്താൽ പിടികൂടാം. എന്നാൽ സ്റ്റാർച്ചും നിറങ്ങളുമൊക്കെ കണ്ടെത്താൻ ലബോറട്ടറിയിലെ രാസപരീക്ഷണങ്ങൾ വേണ്ടി വരും. വീട്ടുപരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന മായം എത്രത്തോളമുണ്ടെന്നും മറ്റും കൃത്യമായി അറിയാനും ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണ്.