ലോകത്ത് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ് മുളക്. ടെറസിനു മുകളിലാണെങ്കിലും മുറ്റത്താണെങ്കിലും അടുക്കളയിലേക്കായി ഏതെങ്കിലുമൊരു ചെടി നടാമെന്നു കരുതിയാൽ അത് മുളകുതന്നെയാവും. നമ്മുടെ അടുക്കളയിലേക്ക് കപ്പൽ കയറി വന്നതാണ് ഈ എരിവുകാരൻ.  

കൊളംബസാണ് അമേരിക്കയിലെ കരീബിയൻ ദ്വീപുകളിൽ മുളക് കണ്ടെത്തുന്നത്. കൊളംബസ് യൂറോപ്പിലെത്തിച്ച ഈ ഇത്തിരിക്കുഞ്ഞൽ പിന്നെ ഏഷ്യയിലും നമ്മുടെ കൊച്ചുകേരളത്തിലുമൊക്കെ എത്തി. മുളക് പച്ചയായും ഉണക്കിയും അരച്ചും പൊടിച്ചും ഒക്കെ നാം ഉപയോഗിക്കുന്നു. ഇതിൽ ഉണക്കമുളക്, വറ്റൽ മുളക് എന്ന പേരിലൊക്കെ വിളിക്കുന്ന ചുവന്ന മുളക് പൊടിച്ചാണ് മുളകുപൊടി ഉണ്ടാക്കുന്നത്. പല ബ്രാൻ്റുകളിൽ നമുക്കുമുന്നിലെത്തുന്ന ഈ മുളകുപൊടി പാക്കറ്റുകളിലാണ് മുളകിലെ മായമത്രയും ഒളിഞ്ഞിരിക്കുന്നത്. മുളകുപൊടിയുടെ തൂക്കം കൂട്ടാൻ സാദൃശ്യം തോന്നിക്കുന്ന പൊടികൾ കൂട്ടിക്കലർത്തി അപായകരമായ നിറങ്ങളും കലർത്തിയാണ് പല മുളകുപൊടിപാക്കറ്റുകളും നമുക്കുമുന്നിലെത്തുന്നതെന്ന് ഗുണനിലവാരനിർണ്ണയരംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻസൈറ്റ് ക്വാളിറ്റി കൺസൾട്ടൻസി സർവ്വീസിലെ എ. എം. ഗിരിജ ചൂണ്ടിക്കാട്ടുന്നു.  

വെറുതേയല്ല ഈ എരിവ്

കറികൾക്ക് എരിവുണ്ടാക്കൽ മാത്രമല്ല മുളകിൻ്റെ ഗുണം. അധികമായാൽ വായ്ക്കകത്തും വയറിലും നേരിട്ട് ആണെങ്കിൽ തൊലിയിലും കണ്ണിലും മൂക്കിലും ഒക്കെ എരിച്ചിലും പുകച്ചിലുമൊക്കെ ഉണ്ടാക്കുമെങ്കിലും നിരവധി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമൊക്കെ സഹായിക്കുന്ന ഔഷധഗുണങ്ങളും മുളകിൽ വേണ്ടുവോളമുണ്ട്. മുളകിലെ കാപ്സൈസിൻ എന്ന ഘടകമാണ് ആരോഗ്യപരമായി ഏറ്റവും പ്രാധാന്യമുള്ളത്. മുളകിന് എരിവുണ്ടാക്കുന്ന പ്രധാന ഘടകവും ഇതുതന്നെ. വിത്തിനു ചുറ്റുമുള്ള ആവരണത്തിലാണ് കാപ്സൈസിൻ ഒളിഞ്ഞിരിക്കുന്നത്.

മുളക് ഒരു വേദനസംഹാരിയും ദഹനസഹായിയുമായി പ്രവർത്തിക്കുന്ന ഒന്നാണ്. ശരീരത്തിലെ കൊഴുപ്പും വണ്ണവും കുറയ്ക്കുന്ന ഘടകങ്ങൾ മുളകിലുണ്ട്. രക്തസമ്മർദ്ദവും കൊളസ്ട്രോളും നിയന്ത്രിക്കാൻ സഹായിക്കുന്ന മുളക് ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഒന്നുകൂടിയാണ്. അസ്ഥികൾക്കും പല്ലിനും ബലം നൽകുന്ന കാൽസ്യവും മുളകിൽ ആവശ്യത്തിനുണ്ട്.

ചുവന്നതെല്ലാം മുളകുപൊടിയിൽ

പൊടിയായ രൂപത്തിൽ അല്പം ചുവന്നു കാണുന്ന വില കുറഞ്ഞ സാധനങ്ങളെല്ലാം തന്നെ മുളകുപൊടിയിലെ മായമായി മാറുന്ന കാഴ്ചയാണ് ഇപ്പോഴെന്ന് ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫൈഡ് ട്രെയിനറും നാഷണൽ റിസോഴ്സ് പേഴ്സണും കൂടിയായ എ. എം. ഗിരിജ പറയുന്നു. മുളകിൻ്റെ ഞെട്ടുപോലുള്ള ഉപയോഗയോഗ്യമല്ലാത്ത ഭാഗങ്ങളും പൂത്തതും കേടായതുമായ മുളകും ഒക്കെ പൊടിച്ചതു മുതൽ രാസവിഷങ്ങൾ വരെ മുളകുപൊടിയിൽ കലർത്തുന്നവരുണ്ട്. ഇഷ്ടികപ്പൊടിയും ചെങ്കൽപ്പൊടിയും ചുവന്ന മണ്ണുമാണ് മുളകുപൊടിയിലെ മായത്തിൻ്റെ ഒരു പ്രധാനപങ്ക്. ഇങ്ങനെ അളവു കൂട്ടാൻ ചേർക്കുന്ന അന്യവസ്തുക്കളെ തിരിച്ചറിയാതിരിക്കാൻ കൃത്രിമനിറങ്ങളും ചേർക്കുന്നു. റൊഡാമൈൻ ബി, സുഡാൻ റെഡ്, ഓറഞ്ച് 2 തുടങ്ങിയ രാസവസ്തുക്കൾ മുളകുപൊടിയിൽ മായമായി ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രോഗങ്ങൾക്ക് ക്ഷണം

അടുക്കളയിൽ എത്തുന്നവയിൽ ഏറ്റവും കൂടുതൽ മായം കലരാൻ സാധ്യതയുള്ള ഒന്നാണ് മുളകുപൊടി. മായം കലർന്ന ഓരോ മുളകുപൊടിപാക്കറ്റും ഓരോ രോഗങ്ങളിലേക്കുള്ള ക്ഷണമാണ്. അളവുകൂട്ടാനായി ചേർക്കുന്ന മണ്ണും ഇഷ്ടികപ്പൊടിയും കേടായ മുളകും ഒക്കെ ഭക്ഷ്യവിഷബാധക്കും ദഹനപ്രശ്നങ്ങൾക്കുമൊക്കെയാണ് വഴി വയ്ക്കുന്നതെങ്കിൽ നിറം കിട്ടാൻ ചേർക്കുന്ന രാസവസ്തുക്കൾ ക്യാൻസറിനും വൃക്ക, കരൾ, ഹൃദയം എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾക്കും വഴിവയ്ക്കും.

അറിയാൻ എളുപ്പമല്ല 

മുളകുപൊടിയുടെ എരിവും രൂക്ഷമായ ഭാവവും സാധാരണഗതിയിൽ മണത്തും രുചിച്ചുമൊക്കെയുള്ള മായം തിരിച്ചറിയൽ എളുപ്പമല്ലാതാക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം മുളകുപൊടിയിട്ടാൽ മണ്ണും മറ്റും ചേർത്തിട്ടുണ്ടെങ്കിൽ വേഗം അടിയുന്നതു കാണാം. ഇങ്ങനെ അടിയുന്നത് കയ്യിലെടുത്ത് തിരുമ്മി നോക്കിയാൽ മുളകുപൊടിയുമായുള്ള വ്യത്യാസം അറിയാം. വെള്ളത്തിൽ അലിയുന്ന നിറമാണ് ചേർത്തിരിക്കുന്നതെങ്കിൽ അതും ഇങ്ങനെ തിരിച്ചറിയാം. വളരെപ്പെട്ടെന്ന് വെള്ളത്തിൽ ചുവപ്പു കലങ്ങും. എന്നാൽ എണ്ണയിൽ മാത്രം അലിയുന്ന നിറങ്ങളാണെങ്കിൽ, മിക്ക രാസവസ്തുക്കളും അങ്ങിനെയാണ്, ഈ മാർഗ്ഗത്തിൽ തിരിച്ചറിയാനാകില്ല. അവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം രാസപരിശോധനകൾ ലബോറട്ടറികളിൽ നടത്തേണ്ടി വരും.