ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ലോകത്തെ ഏറ്റവും വിലകൂടിയ ചോക്ലേറ്റ് പുറത്തിറക്കിയിരിക്കുന്നു. ഐടിസി ലിമിറ്റേഡാണ് ഫാബെല്ലെ എക്‌സ്‌ക്വിസിറ്റ് ചോക്ലേറ്റുകൾ പുറത്തിറക്കിയത്. ഏകദേശം 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ വില. ലോകോത്തര നിലവാരത്തിലുള്ള ചോക്ലേറ്റ് ബ്രാൻഡ് സൃഷ്ടിക്കാനാണ് ഫാബെല്ലെയിലൂടെ ഐടിസി ശ്രമിക്കുന്നത്. 

ഓർഡറിന് അനുസരിച്ചാണ് ചോക്ലേറ്റ് ലഭ്യമാകുക. ബുധനാഴ്ച മുതലാണ് ഇത് ലഭിക്കുക. ഗിന്നസ് വേൾഡ് റെക്കോർഡിന് കീഴിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഏറ്റവും ചെലവേറിയ ചോക്ലേറ്റ് വളരെ കുറച്ച് മാത്രമേ കമ്പനി നിർമ്മിച്ചിട്ടുള്ളൂ. കൈകൊണ്ട് നിർമ്മിച്ച തടിപ്പെട്ടിയിൽ 15 ചോക്ലേറ്റാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ചോക്ലേറ്റ് പ്രിയർക്ക് ഏറ്റവും പ്രിയങ്കരമായ രുചികളിലാണ് ഇവ നിർമ്മിച്ചിരിക്കുന്നതെന്ന് ഐ ടി സി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനുജ് റുസ്തഗി പറഞ്ഞു. അപൂർവ രുചിക്കൂട്ടുകളും ലോകത്തിലെ തന്നെ മികച്ച കൊക്കോയും ചേർത്താണ് ചോക്ലേറ്റ് തയ്യാറാക്കിയിട്ടുള്ളത്.