Asianet News MalayalamAsianet News Malayalam

Evening Snack : ഉരുളക്കിഴങ്ങ് വച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്'

ഓരോ നേരവും പാചകം, മാത്രമല്ല പാത്രങ്ങളും അടുക്കളയും വൃത്തിയാക്കിയെടുക്കുന്നതും ഭാരിച്ച ജോലി തന്നെ. അതിനാല്‍ തന്നെ വൈകുന്നേരങ്ങളിലെ സ്‌നാക്‌സ് പലപ്പോഴും മിക്കവരും പുറത്തുനിന്ന് വാങ്ങിക്കുകയോ, പാക്കറ്റ് സ്‌നാക്‌സിനെ ആശ്രയിക്കുകയോ ആണ് ചെയ്യാറ്. ഇവ രണ്ടും ഒരുപോലെ ആരോഗ്യത്തിന് ദോഷമാണ്

recipe of tasty potato rings
Author
Trivandrum, First Published Apr 19, 2022, 3:58 PM IST

രാവിലെ ബ്രേക്ക്ഫാസ്റ്റ് മുതല്‍ രാത്രി അത്താഴം വരെ അടുക്കളയില്‍ ഭക്ഷണമൊരുക്കുന്ന ( Cooking at Home ) ജോലിയെന്നാല്‍ തന്നെ അത് നിസാരമല്ല. ഓരോ നേരവും പാചകം, മാത്രമല്ല പാത്രങ്ങളും അടുക്കളയും വൃത്തിയാക്കിയെടുക്കുന്നതും ( Kitchen Cleaning ) ഭാരിച്ച ജോലി തന്നെ. 

അതിനാല്‍ തന്നെ വൈകുന്നേരങ്ങളിലെ സ്‌നാക്‌സ് പലപ്പോഴും മിക്കവരും പുറത്തുനിന്ന് വാങ്ങിക്കുകയോ, പാക്കറ്റ് സ്‌നാക്‌സിനെ ആശ്രയിക്കുകയോ ആണ് ചെയ്യാറ്. ഇവ രണ്ടും ഒരുപോലെ ആരോഗ്യത്തിന് ദോഷമാണ്. 

എന്ത് ഭക്ഷണമായാലും അത് നമ്മള്‍ വീട്ടില്‍ പാകം ചെയ്യുമ്പോഴുള്ള ആരോഗ്യസുരക്ഷയും രുചിയും വൃത്തിയും വേറെ തന്നെയാണ്. എന്നാല്‍ സ്‌നാക്‌സിന് വേണ്ടി വൈകീട്ടും അടുക്കളയില്‍ ഏറെ നേരെ ചെലവിടാന്‍ അധികപേര്‍ക്കും മടിയാണുതാനും.

അത്തരക്കാര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കുന്ന, ഉരുളക്കിഴങ്ങ് വച്ചുള്ള ഒരു സ്‌നാക്കിന്റെ റെസിപിയാണിനി പങ്കുവയ്ക്കുന്നത്. പാചകത്തില്‍ വലിയ 'എക്‌സ്പീരിയന്‍സ്' ഇല്ലാത്തവര്‍ക്ക് പോലും ആത്മവിശ്വാസത്തോടെ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ഉരുളക്കിഴങ്ങ് വച്ചുള്ളത്. അതുപോലെ തന്നെയാണ് 'പൊട്ടാറ്റോ റിംഗ്‌സ്'ഉം. 

പേര് കേള്‍ക്കുന്നത് പോലെ തന്നെ ഉരുളക്കിഴങ്ങ് 'റിംഗ്' പരുവത്തില്‍ ആക്കി പൊരിച്ചെടുക്കുന്നതാണ് ഈ സ്‌നാക്ക്. എന്നാലിത് വെറുതെ ഉരുളക്കിഴങ്ങ് മാത്രം പൊരിച്ചെടുക്കുകയല്ല ചെയ്യുന്നത്. പിന്നെങ്ങനെയാണിത് തയ്യാറാക്കുന്നതെന്ന് മനസിലാക്കാം. ആദ്യം ഇതിനായി വേണ്ട ചേരുവകള്‍ എന്തെല്ലാമാണെന്ന് അറിയാം. 

ചേരുവകള്‍...

ഉരുളക്കിഴങ്ങ്  - രണ്ടെണ്ണം വേവിച്ച് ഉടച്ചുവച്ചത്
റവ  - കാല്‍ കപ്പ്
ചില്ലി ഫ്‌ളേക്‌സ്   - ഒരു ടീസ്പൂണ്‍
ഒറിഗാനോ  - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി  -  അഞ്ച് ചെറിയ അല്ലി, ചെറുതാക്കി മുറിച്ചതോ ചതച്ചതോ
ഉപ്പ്   - ആവശ്യത്തിന് 
ബട്ടര്‍   - ആവശ്യത്തിന്
കോണ്‍ഫ്‌ളോര്‍  -   ആവശ്യത്തിന് 

തയ്യാറാക്കുന്ന രീതി...

ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ത്ത ശേഷം ചില്ലി ഫ്‌ളേക്‌സ്, ഒറിഗാനോ, വെളുത്തുള്ളി എന്നിവ ചേര്‍ക്കാം. ഇതൊന്ന് പാകമായി വരുമ്പോള്‍ ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിക്കണം. വെള്ളം തിളച്ചുവരുമ്പോള്‍ റവ ചേര്‍ക്കാം. റവ വെള്ളത്തില്‍ ഒന്ന് മുങ്ങി വെന്ത് വരുമ്പോള്‍ തീ കെടുത്തി ഇത് തണുക്കാന്‍ വയ്ക്കാം. 

ഇത് തണുത്ത ശേഷം ഇതിലേക്ക് വേവിച്ച് ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവിന്റെ പരുവമാക്കിയെടുക്കാം. ഇനി ഈ മാവ് പരത്തി ഒരു കട്ടര്‍ ഉപയോഗിച്ച് റിംഗ് ഘടനയില്‍ മുറിച്ചെടുക്കുകയോ, അല്ലെങ്കില്‍ കൈകൊണ്ട് തന്നെ നീളത്തില്‍ ഉരുട്ടി അതിനെ യോജിപ്പിച്ച് റിംഗ് ഘടനയിലാക്കിയെടുക്കുകയോ ചെയ്യാം. 

ഇനി ഈ റിംഗുകള്‍ ഓരോന്നായി അല്‍പം കോണ്‍ഫ്‌ളോര്‍ കൂടി വിതറിയ ശേഷം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. ഇഷ്ടമുള്ള ഡിപ്പുകളും ചേര്‍ത്ത് ചൂടോടെ തന്നെ പൊട്ടാറ്റോ റിംഗ്‌സ് കഴിക്കാം.

Also Read:- ഗ്രീൻ പീസ് ഇരിപ്പുണ്ടോ? എങ്കിൽ ഒരു കിടിലൻ പലഹാരം തയ്യാറാക്കിയാലോ...

Follow Us:
Download App:
  • android
  • ios