വർഷങ്ങൾ കടന്നുപോയി, എതിരാളികൾ മാറി, വിമർശകർ മാറി, കളിയും കളിത്തട്ടും മാറി—എന്നാൽ മാറ്റമില്ലാതെ ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം ഇന്നും ജ്വലിച്ചു നിൽക്കുന്നു.
ന്യൂയോര്‍ക്ക്: വിമർശകർക്ക് കളിക്കളത്തിൽ തന്‍റെ ബൂട്ടുകൾ കൊണ്ട് മറുപടി നൽകുന്ന ശീലം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസം 2026 ലോകവേദിയിലും ആവർത്തിക്കുകയാണ്. പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, വിമർശകരുടെ എല്ലാ ചോദ്യങ്ങൾക്കും ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ രണ്ട് തകർപ്പൻ ഗോളുകൾ (ഡബിൾ സ്ട്രോങ്) അടിച്ചാണ് സിആർ സെവൻ മറുപടി നൽകിയത്.
വർഷങ്ങൾ കടന്നുപോയി, എതിരാളികൾ മാറി, വിമർശകർ മാറി, കളിയും കളിത്തട്ടും മാറി—എന്നാൽ മാറ്റമില്ലാതെ ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രം ഇന്നും ജ്വലിച്ചു നിൽക്കുന്നു. അവസാനിച്ചുവെന്ന് വിമർശക ലോകം വിധി എഴുതിയപ്പോഴെല്ലാം അയാൾ കൂടുതൽ കരുത്തനായി, കൂടുതൽ നിശ്ചയദാർഢ്യത്തോടെ, കൂടുതൽ അപകടകാരിയായി തിരിച്ചുവന്നു. ഗോൾദാഹം ശമിക്കാത്ത സിആർ സെവന് മുന്നിൽ പ്രായം തോറ്റു, കാലം നിശ്ചലമായി, റെക്കോർഡുകൾ തലകുനിച്ചു. ലോകം ഒന്നടങ്കം അതിശയത്തോടെ ആ പോരാട്ടവീര്യം നോക്കിനിന്നു കൈയടിക്കുകയാണ്.
കളിയിലും കണക്കിലും റെക്കോർഡിലും കമ്പോട് കമ്പ് ഒപ്പമുള്ള ലയണൽ മെസ്സിക്കൊപ്പം 2006-ലായിരുന്നു റൊണാൾഡോയുടെ ലോകകപ്പ് അരങ്ങേറ്റം. 2006, 2010, 2014: ഈ ലോകകപ്പുകളിൽ ഓരോ ഗോളുകളുമായി മടക്കം. 2018ൽ ഹാട്രിക് ഉൾപ്പടെ നാല് ഗോളുകളുടെ തകർപ്പൻ പ്രകടനം. 2022ൽ ഖത്തർ ലോകകപ്പിലും ഒരു ഗോൾ.
എന്നാൽ 2026 ലോകകപ്പിൽ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ ലക്ഷ്യം കണ്ടതോടെ ചരിത്രം വഴിമാറി. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി. ഈ ഇരട്ട ഗോളുകളോടെ പോർച്ചുഗലിന്‍റെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി (ആകെ 10 ലോകകപ്പ് ഗോളുകൾ).
1966-ലെ ഒരൊറ്റ ലോകകപ്പിൽ ഒൻപത് ഗോളുകൾ നേടി ദശാബ്ദങ്ങളായി ഈ റെക്കോർഡ് കൈക്കലാക്കി വെച്ചിരുന്ന സാക്ഷാൽ യുസേബിയോയെയാണ് സിആർ സെവൻ മറികടന്നത്. ഉസ്ബെക്കിസ്ഥാനെ 5-0 ന് തകർത്ത മത്സരത്തിൽ പോർച്ചുഗലിനായി നൂനോ മെൻഡിസ്, റാഫേൽ ലിയാവോ എന്നിവരും സ്കോർ ചെയ്തു. പോർച്ചുഗൽ ജഴ്സിയിൽ റൊണാൾഡോയുടെ ആകെ ഗോളെണ്ണം ഇപ്പോൾ 145 ആയി ഉയർന്നു. അന്താരാഷ്ട്ര ഫുട്ബോളിൽ ലയണൽ മെസിയേക്കാൾ 23 ഗോളുകൾ കൂടുതൽ. ഇത് വെറുമൊരു താരത്തിന്‍റെ സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല; വീഴ്ചകൾ പാഠമാക്കി, അസാധ്യങ്ങൾ സാധ്യമാക്കി, സ്വപ്നങ്ങളെ മാത്രം പിന്തുടർന്ന ഒരു യോദ്ധാവിൻ്റെ അവിശ്വസനീയമായ യാത്രയാണ്.
തന്‍റെ 41-ാം വയസ്സിലും താൻ ഇപ്പോഴും ഇവിടെയുണ്ടെന്ന് റൊണാൾഡോ ആവർത്തിച്ച് ഓർമിപ്പിക്കുന്നത് ആ ഒരൊറ്റ കനകകിരീട സ്വപ്നത്തിനായി മാത്രമാണ്. വിശ്വവിജയിയായി കാലഘട്ടങ്ങളെയും തലമുറകളെയും മറികടന്ന് ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഇതിഹാസമാവാൻ അയാൾ പ്രയാണം തുടരുകയാണ്.
