തുടർച്ചയായി മികച്ച കളിക്കാരെ വാർത്തൊടുക്കുന്ന ഫ്രാൻസ് ഇത്തവണയും കിരീടസാധ്യതയുള്ള മുൻനിരക്കാരാണ്. അവർ ഇപ്പോഴും ഉയർന്ന നിലവാരത്തിലാണ് കളിക്കുന്നത്.
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് അർജന്‍റീനിയൻ ഫുട്ബോൾ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഡി മരിയ 'ബാലൻ ഡി ഓർ'ന് നൽകിയ അഭിമുഖത്തിലാണ് ഇത്തവണത്തെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മനസു തുറന്നത്. 2022-ൽ ഖത്തറിൽ അർജന്‍റീന ലോകകിരീടം ചൂടിയപ്പോൾ ഫൈനലിൽ ഉൾപ്പെടെ നിർണ്ണായക ഗോൾ നേടി തിളങ്ങിയ താരമാണ് ഡി മരിയ. കിരീട സാധ്യതയുള്ള മൂന്ന് യൂറോപ്യൻ വമ്പന്മാരുടെ പേരുകളാണ് ഡി മരിയ പ്രധാനമായും പങ്കുവെച്ചത്.
ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ ടീമുകളാണ് ഇത്തവണ കിരീടത്തിനായി കടുത്ത പോരാട്ടം നടത്തുകയെന്ന് ഡി മരിയ പറഞ്ഞു. തുടർച്ചയായി മികച്ച കളിക്കാരെ വാർത്തൊടുക്കുന്ന ഫ്രാൻസ് ഇത്തവണയും കിരീടസാധ്യതയുള്ള മുൻനിരക്കാരാണ്. അവർ ഇപ്പോഴും ഉയർന്ന നിലവാരത്തിലാണ് കളിക്കുന്നത്. നിലവിൽ മികച്ച ഫോമിലുള്ള സ്പെയിനും ഇത്തവണ അത്ഭുതങ്ങൾ കാണിക്കാൻ കെൽപ്പുള്ളവരാണ്; എങ്കിലും അവരുടെ പരിക്കേറ്റ കളിക്കാർ എങ്ങനെ തിരിച്ചെത്തുന്നു എന്നത് നിർണ്ണായകമാകും. എന്‍റെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലാണ് മറ്റൊരു ശക്തമായ നിര. വിറ്റിൻഹ, ജോവോ നെവസ് തുടങ്ങിയ യുവതാരങ്ങളുടെ സാന്നിധ്യം പോർച്ചുഗലിന് പുതിയൊരു ശൈലിയും വിജയവും സമ്മാനിക്കുന്നുണ്ടെന്നും ഡി മരിയ പറഞ്ഞു.
തന്‍റെ ടീമായ അർജന്‍റീനയും ഇത്തവണ മികവ് കാട്ടുമെന്ന് ഡി മരിയ പറഞ്ഞു. ടീമിലേക്ക് വരുന്ന പുതിയ തലമുറയിലെ യുവതാരങ്ങൾ നിലവിലുള്ള സീനിയർ കളിക്കാർക്ക് വലിയ വെല്ലുവിളിയും ഊർജ്ജവും നൽകുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ടീമിലെ പുതിയ തലമുറയ്ക്ക് സീനിയർ കളിക്കാരെ കൂടുതൽ മുന്നോട്ട് നയിക്കാൻ സാധിക്കും. ടീമിൽ സ്ഥാനം നേടാൻ വേണ്ടിയുള്ള അവരുടെ കഠിനാധ്വാനം ടീമിന് ഗുണം ചെയ്യും. കോച്ച് ലയണൽ സ്കലോണി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്; ഈ ടീമിൽ സ്ഥാനം ഉറപ്പുള്ള ഒരേയൊരു താരം ലിയോണൽ മെസ്സി മാത്രമാണ്. ബാക്കി ആർക്കും ടീമിൽ സ്ഥാനം മുൻകൂട്ടി ഉറപ്പില്ല. സ്കലോണി അത് വെറുതെ പറയുക മാത്രമല്ല, പ്രവർത്തിച്ചു കാണിക്കുകയും ചെയ്തിട്ടുണ്ട്. 2022 ലോകകപ്പിൽ എൻസോ ഫെർണാണ്ടസിനെ ടീമിലേക്ക് കൊണ്ടുവരികയും അവൻ മികച്ച കളിയിലൂടെ ആദ്യ ഇലവനിൽ സ്ഥാനം നേടുകയും ചെയ്തത് നമ്മൾ കണ്ടതാണ്.
ടീമിൽ ആരുടെയും സ്ഥാനം സുരക്ഷിതമല്ലെന്ന ബോധ്യം കളിക്കാർക്കിടയിൽ 100 ശതമാനം മത്സരബുദ്ധി നിലനിർത്താൻ സഹായിക്കുമെന്നും, ഇതാണ് അർജന്‍റീനയെ ഇപ്പോഴും ലോകത്തിന്‍റെ നെറുകയിൽ നിലനിർത്തുന്നതെന്നും ഡി മരിയ കൂട്ടിച്ചേർത്തു.
