Asianet News MalayalamAsianet News Malayalam

അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്റൈന്‍ ദുരന്തം! നൈജീരിയക്ക് മുന്നില്‍ നാണംകെട്ടു; കാനറികള്‍ ക്വാര്‍ട്ടറിലേക്ക്

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റില്‍ ഇബ്രാഹിം ബെജി മുഹമ്മദിലൂടെയാണ് നൈജീരിയ ലീഡെടുക്കുന്നത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് റില്‍വാനു ഹലിരു സര്‍ക്ക് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.

argentina crashed out from u20 world cup and brazil in last eight saa
Author
First Published Jun 1, 2023, 8:34 AM IST

ബ്യൂണസ് ഐറിസ്: അണ്ടര്‍ 20 ലോകകപ്പില്‍ നൈജീരിയയോട് തോറ്റ് ആതിഥേയരായ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. രണ്ടാം പാതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് അര്‍ജന്റീനയുടെ വിധിയെഴുതിയത്. അതേസമയം, ടൂണീഷ്യയെ 4-1ന് തകര്‍ത്ത് ബ്രസീല്‍ അവസാന എട്ടില്‍ ഇടം കണ്ടെത്തി. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇറ്റലിയും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

മുന്‍ അര്‍ജന്റീന താരം ഹാവിയര്‍ മഷ്‌ചെരാനോയുടെ ശിക്ഷണത്തിലിറങ്ങിയ അര്‍ജന്റീന മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. 26 തവണ ഷോട്ടുകളുതിര്‍ത്തിട്ടും അഞ്ചെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. ഒന്ന് പോലും ഗോള്‍വര കടന്നില്ല. നൈജീരിയ ആവട്ടെ കിട്ടിയ അവസരങ്ങള്‍ മുതലാക്കുകയും ചെയ്തു.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റില്‍ ഇബ്രാഹിം ബെജി മുഹമ്മദിലൂടെയാണ് നൈജീരിയ ലീഡെടുക്കുന്നത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് റില്‍വാനു ഹലിരു സര്‍ക്ക് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ആറ് തവണ യൂത്ത് കിരീടം നേടിയ അര്‍ജന്റീനയ്ക്ക് പിന്നീട് തിരിച്ചുവരാനായില്ല. 2007ലാണ് അര്‍ജന്റീന അവസാന അണ്ടര്‍ 20 കിരീടം നേടിയത്.

അതേസമയം, ബ്രസീല്‍ ഒന്നിനെതിരെ നാല് ഗോളിന് ടൂണീഷ്യയെ തകര്‍ക്കുകയായിരുന്നു. ആന്ദ്രേ സാന്റോസ് ഇരട്ട ഗോള്‍ നേടി. മാര്‍കോസ് ലിയോണാര്‍ഡോ, മതേവൂസ് മാര്‍ട്ടിന്‍സ് എന്നിവരാണ് മറ്റുഗോളുകള്‍ നേടിയത്. മഹ്‌മൂദ് ഗോര്‍ബെല്ലിന്റെ വകയായിരുന്നു ടുണീഷ്യയുടെ ഏക ഗോള്‍. 45-ാം മനിറ്റില്‍ ബ്രസീലിയന്‍ താരം റോബര്‍ട്ട് റെനാന്‍ ചുവപ്പ് കാര്‍ഡോടെ പുറത്തെങ്കിലും മുതലാക്കാന്‍ ടുണീഷ്യക്ക് സാധിച്ചില്ല. ക്വാര്‍ട്ടറില്‍ ഇസ്രായേലാണ് ബ്രസീലിന്റെ എതിരാളി. 

ധോണിയുടെ കാല്‍മുട്ടിലെ ചികില്‍സ, വിരമിക്കല്‍; അഭ്യൂഹങ്ങളോട് പ്രതികരിച്ച് സിഎസ്‌കെ സിഇഒ

ഇറ്റലി ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. എട്ടാം മിനിറ്റില്‍ തൊമാസ് ബാള്‍ഡന്‍സിയുടെ ഗോളില്‍ ഇറ്റലി മുന്നിലെത്തി. എന്നാല്‍ 24-ാം മിനിറ്റില്‍ ആല്‍ഫി ഡിവൈനിലൂടെ ഇംഗ്ലണ്ടിന്റെ മറുപടി. 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെസാറെ കസാഡെ ഇറ്റലിക്ക് വിജയം സമ്മാനിച്ചു. ക്വാര്‍ട്ടറില്‍ ഇറ്റലി കൊളംബിയയെ നേരിടും. മറ്റു മത്സരങ്ങളില്‍ യുഎസ്എ എതിരില്ലാത്ത നാല് ഗോളിന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു. ഇസ്രായേല്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഉസ്‌ബെക്കിസ്ഥാനെതിരെ ഏക ഗോളിന്റെ വിജയം നേടി. കൊളംബിയ 5-1ന് സ്ലോവാക്യയെ തകര്‍ത്തു. ഇന്ന് ഗാംബിയ ഉറുഗ്വെയേയും ഇക്വഡോര്‍, ദക്ഷിണ കൊറിയേയും നേരിടും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios