ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മാസം ലില്ലിക്കെതിരായ മത്സരത്തിനിടെയാണ് കാല്‍മുട്ടിന് പരിക്കേറ്റ മെസിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്. പിന്നീട് വിദഗ്ദ ചികിത്സക്കായി മാഡ്രിഡിലേക്ക് പോയ മെസി സഹതാരം ലിയാനാര്‍ഡോ പെരസിനൊപ്പം ചികിത്സയിലായിരുന്നു.

ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍(FIFA World Cup Qualifiers) നാളെ പുലര്‍ച്ചെ ബ്രസീലിനെതിരായ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീന(ARGvBRA) ടീമിന് സന്തോഷ വാാര്‍ത്ത. നിര്‍ണായക പോരാട്ടത്തില്‍ നായകന്‍ ലിയോണല്‍ മെസി(Lionel Messi) അര്‍ജന്‍റീനിയന്‍ നിരയില്‍ കളിക്കുമെന്ന് പരിശീലകന്‍ ലിയോണല്‍ സ്കൊലാനി(Lionel Scaloni) വ്യക്തമാക്കി. ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്കായി(PSG) കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ മെസിക്ക് യുറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം നഷ്ടമായിരുന്നു.

എന്നാല്‍ കായികക്ഷമത തെളിയിച്ച മെസി ബ്രസീലിനെതിരെ കളിക്കാനിറങ്ങുമെന്ന് സ്കൊലാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫ്രഞ്ച് ലീഗില്‍ കഴിഞ്ഞ മാസം ലില്ലിക്കെതിരായ മത്സരത്തിനിടെയാണ് കാല്‍മുട്ടിന് പരിക്കേറ്റ മെസിയെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തത്. പിന്നീട് വിദഗ്ദ ചികിത്സക്കായി മാഡ്രിഡിലേക്ക് പോയ മെസി സഹതാരം ലിയാനാര്‍ഡോ പെരസിനൊപ്പം ചികിത്സയിലായിരുന്നു.

പെരഡസും പരിക്കില്‍ നിന്ന് മോചിതനായെങ്കിലും നാളത്തെ മത്സരത്തില്‍ കളിക്കുമോ എന്ന് അവസാന നിമിഷം മാത്രമെ പറയാനാകൂ എന്ന് സ്കൊലാനി പറഞ്ഞു.ലാറ്റിനമേരിക്കയില്‍ നിന്നുള്ള ലോകകപ്പ് യോഗ്യതാ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള അര്‍ജന്‍റീന യോഗ്യതക്ക് തൊട്ടടുത്താണ്. ബ്രസീലിനെതിരായ ജയം അര്‍ജന്‍റീനക്കും യോഗ്യത ഉറപ്പാക്കും.

നെയ്മറില്ലാതെ ബ്രസീല്‍

തുടയ്ക്ക് പരിക്കേറ്റ സൂപ്പര്‍ താരം നെയ്മര്‍ (Neymar) ഇല്ലാതെയാണ് പരമ്പരാഗത വൈരികള്‍ക്കെതിരെ ബ്രസീല്‍ മത്സരത്തിനിറങ്ങുന്നത്. കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിക്ക് മെസിയുടെ നാട്ടില്‍ പകരംവീട്ടാനാണ് ബ്രസീല്‍ ഇറങ്ങുന്നത്. നെയ്മറുടെ അസാന്നിധ്യത്തില്‍ ബ്രസീല്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. സസ്‌പെന്‍ഷനിലായ കാസിമിറോയ്ക്ക് പകരം ഫാബീഞ്ഞോ മധ്യനിരയിലെത്തും. ഗോള്‍കണ്ടെത്താന്‍ വിഷമിക്കുന്ന ഗബ്രിയേല്‍ ജെസ്യൂസിന് പകരം മത്തേയൂസ് കൂഞ്ഞയും ഡിഫന്‍ഡര്‍ തിയാഗോ സില്‍വയ്ക്ക് പകരം എഡര്‍ മിലിറ്റാവോയും ടീമിലെത്തിയേക്കും.

യോഗ്യതാറൗണ്ടിലെ ആദ്യപാദത്തില്‍ ബ്രസീലില്‍ ഇരുടീമും ഏറ്റമുട്ടിയ മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്‍റീനിയന്‍ താരങ്ങളെ ക്വാറന്‍റീന്‍ നിബന്ധനകള്‍ പാലിക്കാതെ കളിക്കാനിറക്കിയെന്നറിയിച്ച് ബ്രസീല്‍ ആരോഗ്യവിദഗ്ദര്‍ മത്സരം തുടങ്ങിയശേഷം തടസപ്പെടുത്തുകയായിരുന്നു.

യോഗ്യതാ റൗണ്ടില്‍ 12 കളിയില്‍ പതിനൊന്നിലും ജയിച്ച ബ്രസീല്‍ ഇരുപത്തിയേഴ് ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് നാല് ഗോള്‍ മാത്രം. 34 പോയിന്‍റുമായാണ് ബ്രസീല്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.അര്‍ജന്റീന 12 കളിയില്‍ എട്ടില്‍ ജയിച്ചപ്പോള്‍ നാലില്‍ സമനില വഴങ്ങി. 20 ഗോള്‍ അടിച്ചപ്പോള്‍ വാങ്ങിയത് ആറ് ഗോള്‍. 28 പോയിന്‍റുമായി രണ്ടാംസ്ഥാനത്താണ് അര്‍ജന്‍റീന.