ലിസ്ബണ്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിച്ച് - പിഎസ്ജി ഫൈനല്‍. രണ്ടാം സെമി ഫൈനലില്‍ ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ ഫൈനലില്‍ കടന്നത്. സെര്‍ജെ ഗ്നാബ്രിയുടെ ഇരട്ട ഗോളുകളാണ് ജര്‍മന്‍ ചാംപ്യന്മാര്‍ക്ക് ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കിയത്. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ വകയായിരുന്നു ഒരു ഗോള്‍. തിങ്കളാഴ്ച്ച പുലര്‍ച്ചെ 12.30നാണ് ഫൈനല്‍.

പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണില്‍ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. ആദ്യ പതിനഞ്ച് മിനിറ്റുകള്‍ ലിയോണിന്റേതായിരുന്നു. നാലാം മിനിറ്റില്‍ തന്നെ ലിയോണ്‍ ഫോര്‍വേര്‍ഡ് മെംഫിസ് ഡിപെ തുറന്ന അവസരം പാഴാക്കി. പിന്നാലെ ടൊകൊ എകാംബിക്കും സുവര്‍ണാവസരം ലഭിച്ചു. എന്നാല്‍ ഫിനിഷിങ്ങിലെ പോരായ്മ ബയേണിന് തുണയായി. ഇതിനിടെ ഒരവസരം ബയേണിന് ലഭിച്ചെങ്കിലും ലിയോന്‍ ഗൊരട്‌സ്‌ക്കയ്ക്ക് പിഴച്ചു. മത്സരത്തില്‍ പതിയെ താളം കണ്ടെത്തിയ ബയേണ്‍ 18-ാം മിനിറ്റില്‍ ആദ്യഗോള്‍ നേടി.

ഗ്നാബ്രിയുടെ പേസിനും പവറിനും മുന്നില്‍ ലിയോണ്‍ പ്രതിരോധത്തിന് ഉത്തരമുണ്ടായിരുന്നില്ല. ജോഷ്വാ കിമ്മിഷിന്റെ പാസ് സ്വീകരിച്ച ഗ്നാബ്രി വലത് വിംഗിലൂടെ ലിയോണ്‍ പ്രതിരോധത്തിന് മുന്നിലേക്ക്. ഗ്നാബ്രിയുടെ വേഗത്തെ തടുക്കാന്‍ ലിയോണ്‍ പ്രതിരോധത്തിന് സാധിച്ചില്ല. ഡി ബോക്‌സില്‍ നിന്ന് തൊടുത്ത ഇടങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക്. സ്‌കോര്‍ 1-0.

33-ാം മിനിറ്റില്‍ രണ്ടാം ഗോളുമെത്തി. ഇവാന്‍ പെരിസിച്ചിന്റെ നിലംപറ്റെയുള്ള ക്രോസ് ലിയോണ്‍ ബോക്‌സിലേക്ക്. ലെവന്‍ഡോസ്‌കിക്ക് കാല്‍വയ്ക്കുകയേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ പോളിഷ് സ്‌ട്രൈക്കര്‍ക്ക് പിഴച്ചു. എങ്കിലും ഗോള്‍ കീപ്പര്‍ അന്തോണി ലോപസിന്റെ കയ്യില്‍ തട്ടി റീബൗണ്ട് ചെയ്ത പന്ത് ഗ്നാബ്രി അനായാസം ഗോളാക്കി. പിന്നീട് കൂടുതല്‍ ഗോളുകള്‍ വഴങ്ങാതെ ലിയോണ്‍ ആദ്യ പകുതി അവസാനിപ്പിച്ചു. ഇതിനിടെ ഗോള്‍ നേടാനുള്ള രണ്ടോ മൂന്നോ സുവര്‍ണാവസരങ്ങള്‍ ലെവന്‍ഡോസ്‌കി നഷ്ടപ്പെടുത്തിയിരുന്നു.

രണ്ടാം പകുതിയില്‍ ലിയോണ്‍ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. നീക്കങ്ങള്‍ക്ക് വേഗത കൂടിയെങ്കിലും ഒരിക്കല്‍കൂടി ഫിനിഷിങ്ങിലെ പോരായ്മ ഫ്രഞ്ച് ടീമിനെ പിന്നോട്ടടിപ്പിച്ചു. ഗോള്‍ കീപ്പര്‍ മാനുവല്‍ നോയര്‍ മാത്രം മുന്നില്‍ നില്‍ക്കെ എകാംമ്പിക്ക് ലഭിച്ച മറ്റൊരു അവസരവും പാഴായി. മത്സരം അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ ഒരു ഹെഡ്ഡറിലൂടെ ലെവന്‍ഡോസ്‌കി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി. കിമ്മിഷിന്റെ ഫ്രീകിക്കാണ് താരം ഗോളാക്കിയത്. വൈകാതെ ഫൈനല്‍ വിസില്‍. ലിയോണ്‍ പുറത്തേക്ക്. ബയേണ്‍ ഫൈനലിലേക്കും.