പോര്‍ച്ചുഗീസ് താരത്തിന്റെ ഇരട്ടഗോള്‍ ബലത്തില്‍ യുനൈറ്റഡ് ഒന്നിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തകര്‍ത്തു.

മാഞ്ചസ്റ്റര്‍: ഗംഭീരമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ രണ്ടാം വരവ്. 12 വര്‍ഷത്തിന് ശേഷം ഓള്‍ഡ് ട്രാഫോഡില്‍ പന്തുതട്ടിയപ്പോള്‍ രണ്ട് ഗോളുമായി താരം കളം നിറഞ്ഞു. പോര്‍ച്ചുഗീസ് താരത്തിന്റെ ഇരട്ടഗോള്‍ ബലത്തില്‍ യുനൈറ്റഡ് ഒന്നിനെതിരെ നാല് ഗോളിന് ന്യൂകാസില്‍ യുനൈറ്റഡിനെ തകര്‍ത്തു.

36-ാകരനായ ക്രിസ്റ്റിയാനോ ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ തന്നെ ഓള്‍ഡ് ട്രാഫോഡ് ആവേശത്തിലായി. രണ്ടാം വരവില്‍ ആരാധകര്‍ നല്‍കിയ വരവേല്‍പ്പ് അവിസ്മരണീയമായിരുന്നു. അതിനെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റ്യാനോ. ഇത്രത്തോളം പ്രതീക്ഷിച്ചില്ലെന്നാണ് താരം പറയുന്നത്. ''രണ്ടാം വരവില്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പം കളിക്കാനും ജയിക്കാനുമാണ് ഞാന്‍ വന്നിരിക്കുന്നത്. എനിക്ക് ലഭിച്ച സ്വീകരണം അവിശ്വസനീയമായിരുന്നു. മത്സരത്തിലുടനീളം എന്റെ പേര് വിളിച്ചുകൊണ്ടിരിക്കുമെന്ന് ഞാന്‍ കരുതിയത് പോലുമില്ല.'' ക്രിസ്റ്റിയാനോ വ്യക്തമാക്കി.

ആദ്യപകുതിയുടെ ഇഞ്ചുറി സമയത്താണ് ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്. 62-ാം മിനിറ്റില്‍ രണ്ടാം ഗോളും ക്രിസ്റ്റിയാനോ കണ്ടെത്തി. രണ്ട് ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായുള്ള റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം 120 ആയി. 2003 മുതല്‍ 2009വരെ യുനൈറ്റഡ് താരമായിരുന്ന റൊണാള്‍ഡോ. പിന്നീട് റയല്‍ മാഡ്രിഡിലും യുവന്റസിലും കളിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്ററിലെത്തുന്നത്.