ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും മുതിരേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ടൂർണമെന്‍റിൽ നിന്ന് പുറത്താകാൻ പൂർണ്ണമായും അർഹരാണ്.
ന്യൂയോര്‍ക്ക്: ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വേയോട് തോറ്റ് പുറത്തായതില്‍ വിവാദമായ വാര്‍ തീരുമാനത്തെയോ റഫറിയെയോ കുറ്റം പറയാനില്ലെന്ന് നായകന്‍ ജോഷ്വാ കിമ്മിച്ച്. മത്സരത്തിന്‍റെ അധികസമയത്ത് ജർമൻ ഡിഫൻഡർ ജൊനാഥൻ ടാഹ് നേടിയ ഹെഡ്ഡർ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കിമ്മിച്ച് ടീമിന്‍റെ മോശം പ്രകടനത്തെയാണ് വിമർശിച്ചത്.
ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും മുതിരേണ്ടതില്ല. 120 മിനിറ്റ് കളിച്ചിട്ടും ഒരു ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ, നിങ്ങൾ ടൂർണമെന്‍റിൽ നിന്ന് പുറത്താകാൻ പൂർണ്ണമായും അർഹരാണ്. പരാഗ്വയെപ്പോലൊരു എതിരാളിക്കെതിരെ വിജയിക്കാൻ നമ്മൾ ഭാഗ്യത്തെ ആശ്രയിക്കേണ്ടി വരരുത്. അവരെ വ്യക്തമായി തോൽപ്പിക്കാനുള്ള ക്വാളിറ്റി നമ്മുടെ ടീം കാണിക്കണമായിരുന്നു- കിമ്മിച്ച് തുറന്നടിച്ചു. പരിശീലകൻ ജൂലിയൻ നാഗെൽസ്മാന്‍റെ രാജിയിലേക്ക് ഈ ഫലം നയിക്കുമോ എന്ന ചോദ്യത്തിന്, കളിക്കളത്തിൽ ഇറങ്ങുന്ന താരങ്ങളാണ് ഇത്തരം തോൽവികൾക്ക് ഉത്തരവാദികളെന്നും പരാഗ്വയെ തോൽപ്പിക്കാനുള്ള ബാധ്യത കളിക്കാർക്ക് ഉണ്ടായിരുന്നു എന്നും കിമ്മിച്ച് കൂട്ടിച്ചേർത്തു.
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട പുറത്താകലിനേക്കാൾ വലിയ ആഘാതമാണ് ക്യാപ്റ്റൻ എന്ന നിലയിൽ ഈ പരാജയം കിമ്മിച്ചിന് നൽകിയിരിക്കുന്നത്. ജർമനിയുടെ ഈ തകർച്ച 'അസഹനീയം' ആണെന്നാണ് ബയേൺ മ്യൂണിക്ക് താരം വിശേഷിപ്പിച്ചത്. പഴയ ജർമൻ ടീമുകൾ സെമി ഫൈനലിലും ഫൈനലിലും സ്ഥിരമായി എത്തിയിരുന്ന സുവർണ്ണകാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ച കിമ്മിച്ച്, കഴിഞ്ഞ എട്ട് വർഷമായി നാട്ടിലെ ആരാധകർക്ക് സന്തോഷം നൽകാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് നിരാശയോടെ സമ്മതിച്ചു. ടീമിന്‍റെ പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ക്യാപ്റ്റനെന്ന നിലയിൽ താൻ ഏറ്റെടുക്കുന്നുവെന്നും, മറ്റാരെയെങ്കിലും കുറ്റപ്പെടുത്തി തടിയൂരാൻ നോക്കില്ലെന്നും വ്യക്തമാക്കിയാണ് കിമ്മിച്ച് നിർത്തിയത്.
റൗണ്ട് ഓഫ് 32 നോക്കൗട്ട് പോരാട്ടത്തിൽ ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച മൂന്നാം സ്ഥാനക്കാരായി കഷ്ടിച്ച് നോക്കൗട്ടിലെത്തിയ പരാഗ്വയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടാണ് ജർമനി പുറത്തായത്. തുടർച്ചയായ മൂന്നാം ലോകകപ്പിലാണ് ജർമനിക്ക് നോക്കൗട്ട് ഘട്ടത്തിന്‍റെ ആദ്യ പടവുകൾ പോലും കടക്കാനാവാതെ പോകുന്നത്.
