ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് ഇന്ന് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ ചിരവൈരികളായ എടികെ മോഹന്‍ ബഗാനാണ് ഈസ്റ്റ് ബംഗാളിന്റെ എതിരാളി. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. ഇന്ത്യന്‍ ഫുട്‌ബോളിലെ പോരാട്ടങ്ങളുടെ പോരാട്ടമായ കൊല്‍ക്കത്ത ഡാര്‍ബി ഇനി ഐഎസ്എല്ലിലൂടെയാണ് ആരാധകരുടെ മുന്നിലെത്തുക. 

നൂറ്റാണ്ടിന്റെ തിളക്കത്തില്‍ ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലില്‍ അരങ്ങേറ്റത്തിന് ഇറങ്ങുമ്പോള്‍ 131വര്‍ഷത്തെ പാരമ്പര്യമുള്ള മോഹന്‍ ബഗാന്‍ രണ്ടാം പോരിന് ബൂട്ടുകെട്ടുന്നത് എടികെയുമായി ലയിച്ച്. ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ച ആത്മവിശ്വാസത്തില്‍ എടികെ ബഗാന്‍. പരുക്കേറ്റ മൈക്കല്‍ സുസൈരാജിന് പകരം സുഭാശിഷ് ബോസ് ടീമിലെത്തും. സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയ്ക്ക് പങ്കാളിയായി ഡേവിഡ് വില്യംസ് എത്തുമ്പോള്‍ ഈസ്റ്റ് ബംഗാള്‍ മുന്നേറ്റം തടയാന്‍ സന്ദേശ് ജിങ്കാനും പ്രീതം കോട്ടാലും ടിരിയുമുണ്ടാവും. 

ലിവര്‍പൂളിന്റെ മുന്‍താരം റോബി ഫ്‌ളവറിന്റെ ശിക്ഷണത്തില്‍ ഇറങ്ങുന്ന ഈസ്റ്റ് ബംഗാള്‍ അണിനിരത്തുന്നത് ഉഗ്രന്‍ ടീമിനെ. മലയാളിതാരം സി കെ വിനീത്, ജെജെ ലാല്‍പെഖുല, യുജിന്‍സണ്‍ ലിംഗ്‌ദോ, ബല്‍വന്ത് സിംഗ് എന്നിവര്‍ക്കൊപ്പം മറുനാടന്‍ കരുത്തുമായി ഡൈലന്‍ ഫോക്‌സും, ആന്തണി പില്‍കിംഗ്ടണും, സ്‌കോട്ട് നെവിലും ജാക്വസ് മോഘോമയുമുണ്ട്. ഇതുവരെ കാണാത്ത താരങ്ങളും കേളീ ശൈലിയുമായി ഈസ്റ്റ് ബംഗാള്‍ ഇറങ്ങുന്‌പോള്‍ മറുതന്ത്രം മെനയാന്‍ എടികെ ബഗാന്‍ പാടുപെടുമെന്നുറപ്പ്.