ഗ്രൂപ്പ് എൽ-ലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ക്രൊയേഷ്യയും ഡാലസിൽ ഏറ്റുമുട്ടും. ഹാരി കെയ്ൻ നയിക്കുന്ന യുവനിരയുമായി ഇംഗ്ലണ്ടും, ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിൽ പരിചയസമ്പന്നരായ ക്രൊയേഷ്യയും നേർക്കുനേർ വരുമ്പോൾ മത്സരം ആവേശകരമാകും.
ഡാലസ്: ഈ ലോകകപ്പിലെ മരണഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പാണ് ഗ്രൂപ്പ് എൽ. യൂറോപ്യൻ വമ്പന്മാരായ ഇംഗ്ലണ്ടും ക്രൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പിൽ, ആഫ്രിക്കൻ വമ്പന്മാരായ ഘാനയും ലാറ്റിനമേരിക്കയിൽ നിന്നും പനാമയുമാണ് ഗ്രൂപ് എലിലെ ടീമുകൾ. ഇന്ന് ഡാലസ് സ്‌റ്റേഡിയത്തിൽ അരങ്ങേറുന്ന ഗ്രൂപ്പിലെ ആദ്യമത്സരം തന്നെ ഈ ടൂർണമെന്റിലെ തീപാറുന്ന പോരാട്ടമാവുമെന്നുറപ്പാണ്. വ്യാഴ്ച പുലർച്ചെ 1:൩൦ നാണ് മത്സരം.
യുവതാരങ്ങളാൽ സമ്പന്നമാണ് തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് നിര. ബുണ്ടസ് ലീഗിൽ മിന്നുന്ന ഫോമിൽ തുടരുന്ന ക്യാപ്റ്റൻ ഹാരി കെയ്‌നിനെ മുൻ നിർത്തി തന്നെയാണ് ഗോളടിച്ചുകൂട്ടാൻ ഇംഗ്ലണ്ട് പദ്ധതിയിടുന്നത് . കൂടാതെ ജൂഡ് ബെല്ലിങ്ങ്ഹാം, ആന്റണി ഗോർഡൻ, ഡെക്ലെൻ റൈസ്, കോബി മൈനൂ, എസ്സേ, ബുക്കായോ സാക്ക, മാർക്കസ് റാഷ്‌ഫോർഡ്, ജോർദാൻ ഹെൻഡേഴ്‌സൺ, നിക്കോ ഒറെയ്ലി, റീസ് ജെയിംസ്, പിക്‌ഫോർഡ് തുടങ്ങീ മികച്ച സ്ക്വാഡുമായാണ് ഇംഗ്ലണ്ട് വിശ്വവേദിയിലെത്തിയിരിക്കുന്നത്. ഫിൽ ഫോഡൻ, കോൾ പാൾമർ, ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്, ഹാരി മഗ്വയർ തുടങ്ങീ മികച്ച കളിക്കാരെ സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തിരുന്നതിന് ടുഷേലിനെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നുവന്നത്. അത്തരം വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരിക്കും ആദ്യ മത്സരത്തിലൂടെ ടുഷേൽ നൽകാനുദ്ദേശിക്കുന്നത്.
അതേസമയം ലൂക്ക മോഡ്രിച്ചിന്റെ സംഘമെത്തുന്നത് പോരാടാനുറച്ച് തന്നെയാണ്. നാല്പതാം വയസിലും മധ്യനിരയിലെ വിസ്മയമാകാൻ തന്നെയാണ് മോഡ്രിച് എത്തിയിരിക്കുന്നത്. ഒരു പക്ഷേ ഇതായിരിക്കാം അദ്ദേഹത്തിന്റെ അവസാന ലോകകപ്പ്. അതുകൊണ്ട് തന്നെ എന്നത്തേയും പോലെ പൊരുതാനുറച്ച തന്നെയാണ് ക്രൊയേഷ്യ എത്തുന്നത്. ജോസ്കോ ഗ്വാഡിയോൾ, കോവാസിച്, ക്രമാരിച്, ഇവാൻ പെരിസിച് തുടങ്ങീ പരിചയസമ്പന്നരായ കളിക്കാർക്കൊപ്പം യുവനിരയും കൂടിചേരുന്നതോടെ ക്രൊയേഷ്യ ഇത്തവണയും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.


