തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ടീം മികച്ച ഫോമിലാണ് കളിക്കുന്നത്. ജൂൺ 28-ന് പാനമയുമായാണ് അവസാന ഗ്രൂപ്പ് മത്സരം.
ബോസ്റ്റൺ: നോക്കൗട്ട് ഉറപ്പിക്കാൻ ഇംഗ്ലണ്ട് ഇറങ്ങുന്നു. ഗ്രൂപ് എല്ലിൽ ഘാനയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ക്രൊയേഷ്യയെ തോൽപിച്ച ആത്മവിശ്വാസത്തോടെയെത്തുന്ന ഇംഗ്ലണ്ട് ജയം തുടർന്ന് നോക്കൗട്ട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ക്രൊയേഷ്യയുമായുള്ള മത്സരത്തിൽ വ്യക്തമായ ആധിപത്യമായിരുന്നു മൈതാനത്ത് ഇംഗ്ലണ്ട് കാഴ്ചവച്ചത്. 4-2 എന്ന വ്യക്തമായ ലീഡുമായി കളം വിടുമ്പോൾ ലോകകപ്പിൽ ഇത്തവണ കൃത്യമായ പദ്ധതിയോടെയാണ് തങ്ങൾ എത്തിയിരിക്കുന്നത് എന്നത് തന്നെയാണ് ഇംഗ്ലണ്ട് നൽകുന്ന സൂചന. റൈസ്, ബെല്ലിങ്ഹാം, എലിയറ്റ് ആൻഡേഴ്‌സൺ എന്നിവരങ്ങുന്ന മധ്യ നിരയും ഹാരി കെയ്ൻ നയിക്കുന്ന മുന്നേറ്റനിരയുമാണ് ഇംഗ്ലണ്ടിന്റെ കരുത്ത്.
യുവതാരങ്ങളാൽ സമ്പന്നമാണ് തോമസ് ടുഷേൽ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് നിര. ബുണ്ടസ് ലീഗിൽ മിന്നുന്ന ഫോമിൽ തുടരുന്ന ക്യാപ്റ്റൻ ഹാരി കെയ്‌നിനെ മുൻ നിർത്തി തന്നെയാണ് ഗോളടിച്ചുകൂട്ടാൻ ഇംഗ്ലണ്ട് പദ്ധതിയിടുന്നത്. കൂടാതെ ജൂഡ് ബെല്ലിങ്ങ്ഹാം, ആന്റണി ഗോർഡൻ, ഡെക്ലെൻ റൈസ്, എലിയറ്റ് ആൻഡേഴ്‌സൺ കോബി മൈനൂ, എസ്സേ, ബുക്കായോ സാക്ക, മാർക്കസ് റാഷ്‌ഫോർഡ്, ജോർദാൻ ഹെൻഡേഴ്‌സൺ, നിക്കോ ഒറെയ്ലി, റീസ് ജെയിംസ്, പിക്‌ഫോർഡ് തുടങ്ങീ മികച്ച സ്‌ക്വാഡ് ആണ് ഇംഗ്ലണ്ടിനുള്ളത്.
ഫിൽ ഫോഡൻ, കോൾ പാൾമർ, ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്, ഹാരി മഗ്വയർ തുടങ്ങീ മികച്ച കളിക്കാരെ സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തിരുന്നതിന് ടുഷേലിനെതിരെ വലിയ വിമർശനമായിരുന്നു ഉയർന്നുവന്നത്. അത്തരം വിമർശനങ്ങൾക്കുള്ള മറുപടി ആദ്യ മത്സരത്തിലൂടെ ടുഷേൽ നൽകിയിരുന്നു. ഘാനക്കെതിരെ മികച്ച മാർജിനിൽ ജയിച്ച് ഗ്രൂപ് ചാമ്പ്യന്മാരായി മുന്നേറാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ജൂൺ 28 ന് പനാമയുമായാണ് ഇംഗ്ലണ്ടിന്റെ ഗ്രൂപ് ഘട്ടത്തിലെ അവസാന മത്സരം.



