പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ഗോള്‍വര്‍ഷമായിരുന്നു. തനിയാവര്‍ത്തനം പ്രതീക്ഷിച്ച് ആരാധകര്‍. 

ന്യൂകാസിൽ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (English Premier League) തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United) ഇന്നിറങ്ങും. ന്യൂകാസിൽ യുണൈറ്റഡ് (Newcastle United) ആണ് എതിരാളികൾ. രാത്രി 1.30ന് ന്യൂകാസിലിന്റെ മൈതാനത്താണ് മത്സരം. കൊവിഡ് കാരണം 16 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളത്തിലിറങ്ങുന്നത്. ബ്രെന്‍റ്ഫോർഡിനും ബ്രൈറ്റനുമെതിരായ മത്സരങ്ങൾ മാറ്റിവച്ചിരുന്നു. പുതിയ പരിശീലകൻ റാൽഫ് റാഗ്നിക്കിന് (Ralf Rangnick) കീഴിൽ യുണൈറ്റഡ് ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.

ഇന്നലെ ഗോള്‍മഴ

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ഗോള്‍വര്‍ഷമായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി മൂന്നിനെതിരെ ആറ് ഗോളിന് ലെസ്റ്റർ സിറ്റിയെ തോൽപിച്ചു. റഹീം സ്റ്റെർലിംഗ് രണ്ട് ഗോൾ വലയിലിട്ടു. കെവിൻ ഡിബ്രൂയിൻ, റിയാദ് മെഹറസ്, ഇൽകായ് ഗുൺഡോഗൻ, അയ്മറിക് ലപ്പോർട്ട എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. തുട‍ർച്ചയായ അ‍ഞ്ചാം ജയം നേടിയ സിറ്റി 19 കളിയിൽ 47 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

മറ്റൊരു മത്സരത്തില്‍ ആഴ്സണല്‍ മറുപടിയില്ലാത്ത അ‍ഞ്ച് ഗോളിന് നോർവിച്ച് സിറ്റിയെ തകർത്തു. ബുകായോ സാക്ക ഇരട്ട ഗോള്‍ പേരിലാക്കി. ആറ്, അറുപത്തിയേഴ് മിനിറ്റുകളിലായിരുന്നു സാക്കയുടെ ഗോളുകൾ. കീരൻ ടിയർണി, അലക്സാന്ദ്രേ ലകാസറ്റേ, എമിൽ സ്മിത്ത് എന്നിവരാണ് മറ്റ് സ്കോറർമാർ. 19 കളിയിൽ 35 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ആഴ്സണൽ. അതേസമയം ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. 

ചെല്‍സിക്കും സന്തോഷം

ചെല്‍സിക്കും സന്തോഷ ദിനമായിരുന്നു ഇന്നലെ. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചു. ജോർജീഞ്ഞോ ഇരട്ടഗോൾ നേടി. കളിയുടെ 34-ാം മിനിറ്റിലും ഇഞ്ചുറിടൈമിലും ലഭിച്ച പെനാൾട്ടികൾ ജോർജീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചു. അൻപത്തിയാറാം മിനിറ്റിൽ ലുക്കാക്കുവാണ് മറ്റൊരു ഗോൾ നേടിയത്. 41 പോയിന്‍റുമായി ചെൽസി പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്. 

ISL : തലപ്പത്ത് തുടരാന്‍ മുംബൈ സിറ്റി; ജീവന്‍ കാക്കാന്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്