Asianet News MalayalamAsianet News Malayalam

ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യു രാജിവച്ചു

ആറുവർഷം പ്രസിഡന്റായി അധികാരത്തിലിരുന്ന ബെർതോമ്യു കഴിഞ്ഞ കുറേ നാളുകളായി ആരോപണങ്ങളുടെ മുൾമുനയിലായിരുന്നു

FC Barcelona president Josep Maria Bartomeu resigned
Author
Barcelona, First Published Oct 28, 2020, 8:47 AM IST

ബാഴ്‌സലോണ: സ്‌പാനിഷ് ക്ലബ് ബാഴ്‌സലോണ എഫ്‌സിയുടെ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യു രാജിവച്ചു. ചൊവ്വാഴ്ച വൈകിട്ട് നടന്ന യോഗത്തിനൊടുവിലാണ് ബെർതോമ്യുവും ഭരണസമിതിയും രാജിവയ്ക്കാൻ തീരുമാനിച്ചത്. നവംബർ ആദ്യവാരം നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കേയാണ് രാജി. ആറുവർഷം പ്രസിഡന്റായി അധികാരത്തിലിരുന്ന ബെർതോമ്യു കഴിഞ്ഞ കുറേ നാളുകളായി ആരോപണങ്ങളുടെ മുൾമുനയിലായിരുന്നു.

ബാഴ്‌സയുടെ പ്രസിഡന്‍റായി ബെർതോമ്യു 2014ലാണ് ചുമതലയേറ്റത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ ബാഴ്‌സലോണയ്ക്ക് സാധിക്കാതിരുന്നതും പുതിയ താരങ്ങളെ സൈന്‍ ചെയ്യാതിരുന്നതും സാമ്പത്തിക പ്രശ്‌നങ്ങളും ബെർതോമ്യുവിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. മാത്രമല്ല ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂനിക്കിനോട് 8-2ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലായിരുന്നു. ഉടനടി ബെർതോമ്യു രാജിവയ്‌ക്കണം എന്ന ആവശ്യം അന്ന് ശക്തമായി. 

ബെർതോമ്യുവിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കണം എന്നാവശ്യപ്പെട്ട് ഇരുപതിനായിരത്തിലധികം ആരാധകര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിരുന്നു. ബെർതോമ്യുവിനെതിരെ സൂപ്പര്‍താരം ലിയോണല്‍ മെസി പരസ്യമായി രംഗത്തെത്തിയിരുന്നു. ഒന്നെങ്കില്‍ മെസി അല്ലെങ്കില്‍ ബെർതോമ്യു...രണ്ടിലൊരാള്‍ മാത്രമേ ക്ലബില്‍ നിലനില്‍ക്കൂ എന്ന നിലയില്‍ പേര് മൂര്‍ച്ഛിക്കുകയും ചെയ്തു. ബെർതോമ്യുവിന്‍റെ ഭരണ വീഴ്‌ചയില്‍ എതിര്‍ത്ത് ആറ് ഭരണസമിതി അംഗങ്ങള്‍ ഏപ്രില്‍ മാസം രാജിവച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios