Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് ഫുട്‌ബോള്‍: ഫ്രാന്‍സിനോട് തോറ്റ് അര്‍ജന്റീന പുറത്ത്! സെമി ഉറപ്പിച്ച് സ്‌പെയ്‌നും

അര്‍ജന്റീനയ്ക്ക് മുന്നില്‍ ഫ്രാന്‍സിന് തന്നെയായിരുന്നു മുന്‍തൂക്കം. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ഗോള്‍ നേടി.

france beat argentina in olympics football quarter final
Author
First Published Aug 3, 2024, 9:24 AM IST | Last Updated Aug 3, 2024, 10:11 AM IST

പാരീസ്: ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ അര്‍ജന്റീന സെമി കാണാതെ പുറത്ത്. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ജീന്‍ ഫിലിപെ മറ്റേറ്റയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. ആതിഥേയരെ കൂടാതെ ഈജിപ്റ്റ്, മൊറോക്കോ, സ്‌പെയ്ന്‍ എന്നിവരും സെമിയിലെത്തി. ഈജിപ്റ്റാണ് സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളി. സ്‌പെയ്ന്‍, മൊറോക്കോയെ നേരിടും.

അര്‍ജന്റീനയ്ക്ക് മുന്നില്‍ ഫ്രാന്‍സിന് തന്നെയായിരുന്നു മുന്‍തൂക്കം. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ ഫ്രാന്‍സ് ഗോള്‍ നേടി. മൈക്കല്‍ ഒലീസെയുടെ കോര്‍ണര്‍ കിക്ക് മറ്റേറ്റ ഗോളാക്കി മാറ്റുകയായിരുന്നു. തുടക്കത്തിലുണ്ടായ ആഘാതത്തില്‍ നിന്ന് അര്‍ജന്റീനയ്ക്ക് തിരിച്ചുകയറാന്‍ സാധിച്ചില്ല. ആദ്യപാതിയുടെ അവസാന മിനിറ്റുകളില്‍ മാത്രമാണ് ഫ്രാന്‍സ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. 36-ാം മിനിറ്റില്‍ ഗിലിയാനോ സിമിയോണിക്ക് സുവര്‍ണാവസരം ലഭിച്ചു. ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യപ്പെടാതിരുന്നു താരം തൊടുത്ത ഹെഡ്ഡര്‍ ലക്ഷ്യം തെറ്റി. വൈകാതെ ആദ്യപാതി അവസാനിച്ചു. 

ബാഡ്മിന്റണില്‍ മെഡലിനടുത്ത് ലക്ഷ്യ സെന്‍! ചൈനീസ് തായ്പേയ് താരത്തെ തറപറ്റിച്ച് സെമി ഫൈനലില്‍

രണ്ടാംപാതിയില്‍ അര്‍ജന്റീന അല്‍പം കൂടെ മുന്‍തൂക്കം നേടി. ജൂലിയന്‍ അല്‍വാരസിന്റെ രണ്ടോ മൂന്നോ ശ്രമങ്ങള്‍ പ്രതിരോധിക്കപ്പെട്ടു. ഇതിനിടെ 85-ാം മിനിറ്റില്‍ ഫ്രാന്‍സ് ഒരിക്കല്‍ കൂടി ഗോള്‍ നേടി. എന്നാല്‍ വാര്‍ പരിശോധനയില്‍ നിഷേധിക്കപ്പെട്ടു. അവസാന നിമിഷം ലൂസിയാനോ ഗോണ്ടുവിന്റെ ഒരു ഷോട്ട് പുറത്തേക്ക് പോയി.

പരാഗ്വെയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഈജിപ്റ്റ് സെമി ഫൈനലിന് യോഗ്യത നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മൊറോക്കോ ആവട്ടെ എതിരില്ലാത്ത നാല് ഗോളിന് യുഎസിനെ തകര്‍ത്തു. സ്‌പെയ്‌നിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളിന് ജപ്പാനെതിരെ ആയിരുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സെമി ഫൈനല്‍.

Latest Videos
Follow Us:
Download App:
  • android
  • ios