യൂറോയില്‍ ജോർജിയൻ ചെങ്കോട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട തട്ടിത്തകർന്നു

ഗെൽസെൻകിർചെൻ: യൂറോ കപ്പ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ടൂര്‍ണമെന്‍റിലെ നവാഗതരായ ജോര്‍ജിയയുടെ അത്ഭുതം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്‌ത്തി ജോർജിയ യൂറോ കപ്പിന്‍റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ജോർജിയൻ ഫുട്ബോൾ ചരിത്രത്തിലെ ഐതിഹാസിക വിജയമാണിത്. അതേസമയം ക്രിസ്റ്റ്യാനോയുടെ ഗോള്‍വരള്‍ച്ച ഒരു മത്സരത്തില്‍ക്കൂടി തുടര്‍ന്നു. 

യൂറോയില്‍ ജോർജിയൻ ചെങ്കോട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പറങ്കിപ്പട തട്ടിത്തകർന്നു. കാൽപന്തുകളിയിൽ കൽപാന്തകാലം ജോർജിയയ്ക്ക് ആഘോഷിക്കാൻ ഒരിക്കലും മറക്കാത്തൊരു അട്ടിമറി വിജയമായി ഇത്. ഫിഫ റാങ്കിംഗിൽ പോർച്ചുഗൽ ആറും ജോർജിയ എഴുപത്തിനാലും സ്ഥാനത്താണ് മത്സരത്തിനിറങ്ങിയത്. ഒരു ശതമാനം മാത്രം ജയസാധ്യതയുളള ജോർജിയക്കെതിരെ പോർച്ചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് ആദ്യ ഇലവനിലെ പത്ത് പേർക്ക് വിശ്രമം നൽകി. എന്നാല്‍ മൈതാനത്ത് കളിക്ക് ചൂട് പിടിക്കും മുന്നേ പോർച്ചുഗൽ ഞെട്ടി.

പന്തിന് മുന്നിലും പിന്നിലും ജോർജിയയുടെ പതിനൊന്ന് പേർ ഒരുമെയ്യായപ്പോൾ കളിക്കളത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും വീർപ്പുമുട്ടി. കിക്കോഫായി രണ്ടാം മിനുറ്റില്‍ കരസ്‌കേലിയയുടെ തകര്‍പ്പന്‍ ഫിനിഷിംഗ് ജോര്‍ജിയയെ മുന്നിലെത്തിച്ചു.

ഗോൾമടക്കാൻ പറങ്കിപ്പട പതിനെട്ടടവും പയറ്റുന്നതിനിടെ ജോർജിയുടെ രണ്ടാം പ്രഹരമെത്തി. പെനാല്‍റ്റിയിലൂടെ 57-ാം മിനുറ്റില്‍ ജോര്‍ജസ് വകയായിരുന്നു ഗോള്‍. പിന്നാലെ മത്സരത്തിന്‍റെ പാതിവഴിയിൽ തിരികെ വിളിച്ചതിൽ അതൃപ്തിയോടെ റൊണാൾഡോ ബഞ്ചിലേക്ക് മടങ്ങി. പകരം എത്തിയവർക്കും ജോർജിയൻ കോട്ട ഭേദിക്കാനായില്ല. യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയത്തിലൂടെ ടൂര്‍ണമെന്‍റിലെ ആദ്യ ഊഴത്തിൽ തന്നെ ജോർജിയ അങ്ങനെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു.

Read more: ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട്, കൂടെ ഡെന്മാര്‍ക്കും! അമ്പരപ്പിച്ച് ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ് കാത്തിരിക്കണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം