ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകളും കരുതലോടെ കളിച്ചതോടെ ഗോളവസരങ്ങളൊന്നും ഉണ്ടായില്ല. എട്ടാം മിനിറ്റില്‍ ദേവേന്ദ്ര മര്‍ഗോങ്കറിലൂടെ ഗോവയാണ് ആദ്യം പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചത്. എന്നാല്‍ പിന്നീട പന്ത് കാല്‍വശം വെച്ചുകളിച്ച എടികെ പതുക്കെ ഗോവന്‍ പ്രതിരോധത്തിലേക്ക് കയറി.

ഫറ്റോര്‍ദ: ഐഎസ്എല്ലില്‍(ISL 2021-2022) എഫ് സി ഗോവയെ(FC Goa) ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി എടികെ മോഹന്‍ ബഗാന്‍(ATK Mohun Bagan). ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി 14 പോയന്‍റുമായി എടികെ മൂന്നാം സ്ഥാനത്തേക്ക് കയറി. ലിസ്റ്റണ്‍ കൊളാക്കോയും(Liston Colaco) റോയ് കൃഷ്ണയുമാണ്(Roy Krishna) എടികെയുടെ ഗോളുകള്‍ നേടിയത്. ജോര്‍ജെ ഓര്‍ട്ടിസ്(Jorge Ortiz) ഗോവയുടെ ആശ്വാസഗോള്‍ നേടി. ആദ്യ പകുതിയില്‍ എടികെ ഒരു ഗോളിന് മുന്നിലായിരുന്നു. സീസണിലെ നാലാം തോല്‍വി വഴങ്ങിയ ഗോവ പോയന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുന്നു.

ആദ്യ മിനിറ്റുകളില്‍ ഇരു ടീമുകളും കരുതലോടെ കളിച്ചതോടെ ഗോളവസരങ്ങളൊന്നും ഉണ്ടായില്ല. എട്ടാം മിനിറ്റില്‍ ദേവേന്ദ്ര മര്‍ഗോങ്കറിലൂടെ ഗോവയാണ് ആദ്യം പോസ്റ്റിലേക്ക് ലക്ഷ്യംവെച്ചത്. എന്നാല്‍ പിന്നീട പന്ത് കാല്‍വശം വെച്ചുകളിച്ച എടികെ പതുക്കെ ഗോവന്‍ പ്രതിരോധത്തിലേക്ക് കയറി. 23-ാം മിനിറ്റില്‍ ഗോവന്‍ പ്രതിരോധം ഭേദിച്ച് ദീപക് ടാംഗ്രിയുടെ പാസില്‍ നിന്ന് ലിസ്റ്റണ്‍ കൊളാക്കോയുടെ ബുള്ളറ്റ് ഷോട്ട് ഗോവന്‍ വലകുലുക്കി. 30-ാം മിറ്റില്‍ ഗോവക്കായി ജോര്‍ജെ ഓര്‍ട്ടിസ് എടുത്ത ഫ്രീ കിക്ക് അമ്രീന്ദര്‍ സിംഗ് മിന്നും സേവിലൂടെ രക്ഷപ്പെടുത്തിയത് എടികെക്ക് ആശ്വാസമായി. ആദ്യ പകുതിയില്‍ പിന്നീട് കാര്യമായ ആക്രമണങ്ങളൊന്നും ഉണ്ടായില്ല.

രണ്ടാം പകുതിയിലും കൂടുതല്‍ സമയം പന്തു കാലില്‍വെച്ച എടികെ ആണ് ആക്രമണങ്ങള്‍ നയിച്ചത്. അധികം വൈകാതെ അതിന് ഫലം ലഭിച്ചു. 56-ാം മിനിറ്റില്‍ റോയ് കൃഷ്ണ വീണ്ടും ഗോവന്‍ വലയില്‍ പന്തെത്തിച്ച് എടികെക്ക് രണ്ട് ഗോളിന്‍റെ ലീഡ് സമ്മാനിച്ചു. 81-ാം മിനിറ്റില്‍ അമ്രീന്ദറിന്‍റെ പിഴവില്‍ നിന്ന് ജോര്‍ജെ ഓര്‍ട്ടിസിലൂടെ ഗോവ ഒരു ഗോള്‍ മടക്കി. ബോക്സിനകത്തു നിന്ന് ഓര്‍ട്ടിസ് തൊടുത്ത ദുര്‍ബലമായ ഷോട്ട് കൈയിലൊതുക്കുന്നതില്‍ അമ്രീന്ദറിന് പിഴച്ചപ്പോള്‍ ഗോവ ആശ്വാസ ഗോള്‍ കണ്ടെത്തി.

അവസാന നിമിഷങ്ങളില്‍ സമനില ഗോളിനായി ഗോവ പൊരുതിയെങ്കിലും എടികെ പ്രതിരോധം വഴങ്ങിയില്ല. അവസാന നിമിഷം ലീഡുയര്‍ത്താന്‍ എടിക്കെക്കും അവസരം ലഭിച്ചെങ്കിലും മന്‍വീര്‍ സിംഗിന് ലക്ഷ്യം തെറ്റിയതോടെ ഒരു ഗോള്‍ ജയവുമായി എടികെ തിരിച്ചുകയറി.