Asianet News MalayalamAsianet News Malayalam

ISL 2021-2022: ഒഗ്ബെച്ചെയുടെ ഗോള്‍വര്‍ഷത്തില്‍ ഒഡീഷയെ വീഴ്ത്തി ഹൈദരാബാദ് രണ്ടാമത്

ജയത്തോടെ ഹൈദരബാദ് കേരളാ ബ്ലാസ്റ്റേഴ്സിനെ നാലാം സ്ഥാനത്തേക്കും ജംഷഡ്‌പൂരിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ജയിച്ചാല്‍ ആദ്യ നാലിലെത്താമായിരുന്ന ഒഡീഷ ഏഴാം സ്ഥാനത്ത് തുടരുന്നു.

 

ISL 2021-2022:Hyderabad FC beat Odisha FC 6-1
Author
Bambolim, First Published Dec 28, 2021, 9:37 PM IST

ബംബോലിം: ഐഎസ്എല്ലില്‍(ISL 2021-202) ബര്‍തൊലോമ്യു ഒഗ്ബെച്ചെയുടെ(Bartholomew Ogbeche) ഹാട്രിക്ക് മികവില്‍ ഒഡീഷ എഫ് സിക്കെതിരെ(Odisha FC) തകര്‍പ്പന്‍ ജയവുമായി ഹൈദരാബാദ് എഫ്‌സി(Hyderabad FC). ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്‍റെ ജയം. ജയത്തോടെ ഹൈദരബാദ് കേരളാ ബ്ലാസ്റ്റേഴ്സിനെ നാലാം സ്ഥാനത്തേക്കും ജംഷഡ്‌പൂരിനെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ജയിച്ചാല്‍ ആദ്യ നാലിലെത്താമായിരുന്ന ഒഡീഷ ഏഴാം സ്ഥാനത്ത് തുടരുന്നു.

ഒമ്പത്, 39, 60 മിനിറ്റുകളിലായിരുന്നു ഒഗ്ബെച്ചെ സ്കോര്‍ ചെയ്തത്. 54-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യ ഹൈദരാബാദിന്‍റെ  മൂന്നാം ഗോള്‍ നേടിയപ്പോള്‍ 16-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച ഹൈദരാബാദിന്‍റെ ജുനാന്‍ തോല്‍വിയില്‍  ഒഡീഷക്ക് ചെറിയൊരു ആശ്വാസം നല്‍കി. കളി തുടങ്ങി ഒമ്പതാം മിനിറ്റില്‍ തന്നെ ഹൈദരാബാദ് മുന്നിലെത്തി. എഡു ഗാര്‍ഷ്യ എടുത്ത താഴ്ന്നുവന്ന ഫ്രീ കിക്കില്‍ ജാവോ വിക്ടര്‍ ഫ്ലിക്ക് ചെയ്തു നല്‍കി പന്ത് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഒഡീഷ വലയിലെത്തി.

സെല്‍ഫ് ഗോളാണെന്ന് ആദ്യം വിധിയെഴുതിയെങ്കിലും ഒടുവില്‍ ഒഗ്ബെച്ചെയുടെ പേരിലാണ് ഗോള്‍ അനുവദിക്കപ്പെട്ടത്. അധികം വൈകാതെ ഒഡീഷ തിരിച്ചടിച്ചു. പക്ഷെ വല കുലുക്കിയത് ഹൈദരാബാദിന്‍റെ ജുനാനായിരുന്നുവെന്ന് മാത്രം. ജാവിയര്‍ ഹെര്‍ണാണ്ടസ് എടുത്ത കോര്‍ണറില്‍ ജുനാന്‍റെ ദേഹത്ത് തട്ടിയ പന്ത് വലയിലാവുകയായിരുന്നു.

തുടര്‍ന്ന് ഹൈദരാബാദ് തുടര്‍ച്ചയായി ആക്രമിച്ചതോടെ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ക്കാനായി ഒഡീഷയുടെ ശ്രമം. എന്നാല്‍ ആദ്യ പകുതി തീരും മുമ്പ് സമനില കെട്ട് പൊട്ടിച്ച് ഒഗ്ബെച്ചെ തന്‍റെ രണ്ടാം ഗോളും നേടി ഹൈദരാബാദിന് ലീഡ് സമ്മാനിച്ചു. എഡു ഗാര്‍ഷ്യയുടെ കോര്‍ണറില്‍ നിന്നായിരുന്നു ഇത്തവണ ഒഗ്ബെച്ചെ സ്കോര്‍ ചെയ്തത്.

ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡുമായി കളം വിട്ട ഹൈദരാബാദ് രണ്ടാം പകുതിയിലും ആക്രമണം കനപ്പിച്ചു. 54-ാം മിനിറ്റില്‍ എഡു ഗാര്‍ഷ്യ തന്നെ സ്കോര്‍ ചെയ്തതോടെ ഹൈദരാബാദ് രണ്ട് ഗോളിന് മുന്നിലെത്തി.60-ാം മിനിറ്റില്‍  അങ്കിത് ജാദവിന്‍റെ പാസില്‍ നിന്ന് ഒഗ്ബെച്ചെ ഹാട്രിക്ക് പൂര്‍ത്തിയാക്കി മൂന്നാം ഗോളും നേടി. അവിടംകൊണ്ടും നിര്‍ത്താതിരുന്ന ഹൈദരാബാദ് 72-ാം മിനിറ്റില്‍ ജാവിയര്‍ സിവേറിയോയിലൂടെ അഞ്ചാം ഗോളും 86-ാം മിനിറ്റില്‍ പെനല്‍റ്റി വലയിലാക്കി ജാവോ വിക്ടര്‍ ആറാം ഗോളും നേടിയതോടെ ഒഡീഷയുടെ പതനം പൂര്‍ത്തിയാക്കി. ജാവിയേര്‍ സിവേറിയോയെ ബോക്സില്‍ ഫൗള്‍ ചെയ്തതിനാണ് ഹൈദരാബാദിന് അനുകൂലമായി പെനല്‍റ്റി വിധിച്ചത്.

Follow Us:
Download App:
  • android
  • ios