Asianet News MalayalamAsianet News Malayalam

ISL 2021-2022 : മൂന്നടിയില്‍ ചെന്നൈയിനെയും മുക്കി കേരളാ ബ്ലാസ്റ്റേഴ്സ് മൂന്നാമത്

കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ തകര്‍ത്തതിന്‍റെ ആത്മവിശ്വസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തു. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലും പാസിംഗിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി. അതിന് അധികം വൈകാതെ ഫലം ലഭിച്ചു.

ISL 2021-2022 : Kerala Blasters beat Chennaiyin FC 3-0
Author
Goa, First Published Dec 22, 2021, 9:38 PM IST

മഡ്ഗാവ്: ഐഎസ്എല്ലില്‍(ISL 2021-2022) നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ മൂന്ന് ഗോളിന് വീഴ്ത്തിയതിന് പിന്നാലെ ചെന്നൈയിന്‍ എഫ് സിയെയും(Chennaiyin FC) മൂന്ന് ഗോളിന് വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters ).ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി ചെന്നൈയിന്‍ വലയില്‍ അടിച്ചുകയറ്റി സീസണില്‍ തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചു.

ആദ്യ പകുതിയുടെ ഒമ്പതാം മിനിറ്റില്‍ ജോര്‍ജെ ഡയസും(Jorge Diaz)  38-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദും(Sahal Abdul Samad) രണ്ടാം പകുതില്‍ 78-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുമാണ്(Adrian Luna) ബ്ലാസ്റ്റേഴ്സിനായി ചെന്നൈയിന്‍ വല കുലുക്കിയത്. ജയത്തോടെ ഏഴ് കളികളില്‍ 12 പോയന്‍റുമായി ആറാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് ബ്ലാസ്റ്റേഴ്സ് കയറിയപ്പോള്‍ ഏഴ് കളികളില്‍ 11 പോയന്‍റുള്ള ചെന്നൈയിന്‍ ആറാം സ്ഥാനത്ത് തുടരുന്നു. ഞായറാഴ്ച രണ്ടാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ് സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത എതിരാളികള്‍.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയെ തകര്‍ത്തതിന്‍റെ ആത്മവിശ്വസത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തു. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലും പാസിംഗിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി. അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഒമ്പതാം മിനിറ്റില്‍ ലാല്‍താംഗ ക്വാല്‍റിംഗിന്‍റെ പാസില്‍ നിന്ന് ചെന്നൈയിന്‍ വല കുലുക്കിയ ജോര്‍ജെ പേരേരെ ഡയസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.

ബ്ലാസ്റ്റേഴ്സ് ലീഡെടുത്തതോടെ ചെന്നൈയിന്‍ തുടര്‍ച്ചയായി ആക്രമിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 25-ാം മിനിറ്റില്‍ ജെര്‍മന്‍പ്രീത് സിംഗിന്‍റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ബ്ലാസ്റ്റേഴ്സ് വീണ്ടും ആക്രമണങ്ങള്‍ മെനഞ്ഞതോടെ ചെന്നൈയിന്‍ പ്രതിരോധത്തിലും വിളളലുണ്ടായി.

28ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ജോര്‍ജെ ഡയസ് ഹെഡ്ഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടുപിന്നാലെ ബോക്സിനകത്തു നിന്ന് അഡ്രിയാന്‍ ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ വല കുലുക്കി സഹല്‍ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

രണ്ടാം പകുതിയിലും തുടര്‍ ആക്രമണങ്ങളുമായി ചെന്നൈയിന്‍ പ്രതിരോധത്തെ വിറപ്പിച്ചു. പാസിംഗിലും അറ്റാക്കിംഗ് തേര്‍ഡിലും ചെന്നൈയിന്‍ എഫ് സിക്ക് പിഴച്ചപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ലക്ഷ്യത്തിലേക്ക് ഏഴ് ഷോട്ടുകള്‍ ബ്ലാസ്റ്റേഴ്സ് പായിച്ചപ്പോള്‍ ഒന്നുപോലും ലക്ഷ്യത്തിലേക്ക് അടിക്കാന്‍ ചെന്നൈനിയാനിയില്ല. പന്തടക്കത്തില്‍ ചെന്നൈയിന് നേരിയ മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും പാസിംഗില്‍ ഇരു ടീമും ഒപ്പത്തിപ്പൊനൊപ്പം നിന്നു.

Follow Us:
Download App:
  • android
  • ios