കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന തകര്‍ത്തതിന്‍റെ ആത്മവിശ്വസത്തിലിറങ്ങി ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തു.

മഡ്ഗാവ് : ഐഎസ്എല്ലില്‍(ISL 2021-2022) ചെന്നൈയിന്‍ എഫ് സിക്കെതിരെ(Chennaiyin FC) ആദ്യ പകുതിയില്‍ കേരളാ ബ്ലാസ്റ്റേഴ്സ്(Kerala Blasters ) രണ്ട് ഗോളിന് മുന്നില്‍. ആദ്യ പകുതിയുടെ ഒമ്പതാം മിനിറ്റില്‍ ജോര്‍ജെ ഡയസും(Jorge Diaz) 38-ാം മിനിറ്റില്‍ സഹല്‍ അബ്ദുള്‍ സമദുമാണ്(Sahal Abdul Samad ) ബ്ലാസ്റ്റേഴ്സിനായി ചെന്നൈയിന്‍ വല കുലുക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റി എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളിന തകര്‍ത്തതിന്‍റെ ആത്മവിശ്വസത്തിലിറങ്ങി ബ്ലാസ്റ്റേഴ്സ് തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്തു. ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണത്തിലും പാസിംഗിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി. അതിന് അധികം വൈകാതെ ഫലം ലഭിച്ചു. ഒമ്പതാം മിനിറ്റില്‍ ലാല്‍താംഗ ക്വാല്‍റിംഗിന്‍റെ പാസില്‍ നിന്ന് ചെന്നൈയിന്‍ വല കുലുക്കിയ ജോര്‍ജെ പേരേരെ ഡയസ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു.

ബ്ലാസ്റ്റേഴ്സ് ലീഡെടുത്തതോടെ ചെന്നൈയിന്‍ തുടര്‍ച്ചയായി ആക്രമിച്ചു. എന്നാല്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. 25-ാം മിനിറ്റില്‍ ജെര്‍മന്‍പ്രീത് സിംഗിന്‍റെ ഗോളെന്നുറച്ച ഹെഡ്ഡര്‍ ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. എന്നാല്‍ ആക്രമണമാണ് മികച്ച പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ ബ്ലാസ്റ്റേഴ്സ് വീണ്ടും ആക്രമണങ്ങള്‍ മെനഞ്ഞതോടെ ചെന്നൈയിന്‍ പ്രതിരോധത്തിലും വിളളലുണ്ടായി.

Scroll to load tweet…

28ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്ന് ജോര്‍ജെ ഡയസ് ഹെഡ്ഡ് ചെയ്ത പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. തൊട്ടുപിന്നാലെ ബോക്സിനകത്തു നിന്ന് അഡ്രിയാന്‍ ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് രക്ഷപ്പെടുത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ വല കുലുക്കി സഹല്‍ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. സീസണില്‍ സഹലിന്‍റെ മൂന്നാം ഗോളാണിത്.