ഈ സീസണില്‍ എട്ട് കളി പിന്നിട്ടപ്പോൾ ഈസ്റ്റ് ബംഗാളിന് ഒന്നിൽപ്പോലും ജയിക്കാനായില്ല
ഫത്തോഡ: ഐഎസ്എൽ (ISL 2021-22) ടീമായ ഈസ്റ്റ് ബംഗാൾ (SC East Bengal) കോച്ച് ഹോസെ മാനുവൽ ഡിയസിനെ (Jose Manuel Diaz) പുറത്താക്കി. ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്നാണ് ഈസ്റ്റ് ബംഗാളിന്‍റെ തീരുമാനം. എട്ട് കളി പിന്നിട്ടപ്പോൾ ഈസ്റ്റ് ബംഗാളിന് ഒന്നിൽപ്പോലും ജയിക്കാനായില്ല. നാല് പോയിന്‍റുമായി ലീഗിൽ അവസാന സ്ഥാനത്താണ് കൊൽക്കത്തൻ ക്ലബ്. സഹപരിശീലകനായ റെനഡി സിംഗിനാണ് (Renedy Singh) താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ മുൻ കോച്ചായിരുന്ന എൽകോ ഷാറ്റോറി ഈസ്റ്റ് ബംഗാളിന്‍റെ പുതിയ കോച്ചായേക്കുമെന്ന് അഭ്യൂങ്ങളുണ്ട്.
ഈസ്റ്റ് ബംഗാള്‍ താരത്തിന് വിലക്കും പിഴയും
റഫറിയോട് മോശമായി പെരുമാറിയ ഈസ്റ്റ് ബംഗാള്‍ താരം ആന്‍റോണിയോ പെരോസെവിച്ചിന് അഞ്ച് മത്സരങ്ങളില്‍ വിലക്കും ഒരു ലക്ഷം രൂപ പിഴയും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ അച്ചടക്കസമിതി വിധിച്ചു. വീഴ്‌ച ആവര്‍ത്തിച്ചാല്‍ താരത്തിനെതിരെ കൂടുതല്‍ ശക്തമായ നടപടി കൈക്കൊള്ളും. ഡിസംബര്‍ 17ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിലായിരുന്നു വിവാദ സംഭവം. മത്സരത്തില്‍ കൊല്‍ക്കത്തന്‍ ടീം എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റിരുന്നു. എന്നാല്‍ നടപടിക്കെതിരെ താരത്തിനും ക്ലബിനും 10 ദിവസത്തിനകം അപ്പീൽ നൽകാം.
ഇന്ന് എടികെ മോഹൻ ബഗാൻ- എഫ്‌സി ഗോവ പോരാട്ടം
ഐഎസ്എല്ലിൽ എടികെ മോഹൻ ബഗാൻ ഇന്ന് എഫ്‌സി ഗോവയെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ഫത്തോഡയിലാണ് മത്സരം. ഗോവയുടെ പരിശീലകനായിരുന്ന യുവാൻ ഫെറാൻഡോയ്ക്ക് കീഴിലാണ് എടികെ ഇന്നിറങ്ങുന്നത്. ഏഴ് കളിയിൽ പതിനൊന്ന് പോയിന്‍റുള്ള എടികെ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. എട്ട് പോയിന്‍റുള്ള ഗോവ എട്ടാം സ്ഥാനത്തും.
ISL 2021 : ശ്രദ്ധാകേന്ദ്രം പരിശീലകന്‍; എടികെ മോഹൻ ബഗാൻ ഇന്ന് എഫ്‌സി ഗോവയ്‌ക്കെതിരെ
