യുഎഇയിലെ പ്രീ സീസൺ പരിശീലനം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തിരിച്ചെത്തി

കൊച്ചി: ഐഎസ്എൽ ആറാം സീസൺ തുടങ്ങും മുന്‍പേ കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. യുഎഇയിലെ പ്രീ സീസൺ പരിശീലനം പൂർത്തിയാക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ തിരിച്ചെത്തി. നാല് സന്നാഹമത്സരങ്ങൾക്കും പരിശീലനത്തിനുമായാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് പോയത്. എന്നാല്‍ ടീം കളിച്ചത് ഒറ്റമത്സരത്തിൽ മാത്രം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്‌പോണ്‍സർമാരായ മിച്ചി സ്പോർട്സുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് ടീം നാട്ടിലേക്ക് മടങ്ങിയത്. വാഗ്ദാനം ചെയ്ത സൗകര്യങ്ങൾ സ്‌പോൺസർമാർ ടീമിന് നൽകിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ് വ്യക്തമാക്കി. മൂന്ന് മത്സരങ്ങൾ ഉപേക്ഷിച്ചാണ് ടീമിന്‍റെ മടക്കം. കൊച്ചി വിമാനത്താവളത്തിൽ ടീമംഗങ്ങൾക്ക് ആരാധകർ സ്വീകരണം നൽകി.

കൊച്ചിയിൽ പരിശീലനം തുടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് സന്നാഹമത്സരങ്ങൾ സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. പ്രിയ ടീമിന്‍റെ പരിശീലന മത്സരങ്ങളും നേരിട്ട് കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ് ആരാധകർ. അടുത്ത മാസം ഇരുപതിന് കൊച്ചിയിൽ നടക്കുന്ന ഐഎസ്എൽ ഉദ്ഘാടന മത്സരത്തിൽ എടികെയെ ബ്ലാസ്റ്റേഴ്‌സ് നേരിടും. പുതിയ കോച്ച് എൽകോ ഷാട്ടോരിയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് കിരീടം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.