Asianet News MalayalamAsianet News Malayalam

കെ പി രാഹുൽ ബ്ലാസ്റ്റേഴ്‌സിൽ തുടരും

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിനായി സ്വന്തം മണ്ണിൽ മഞ്ഞകുപ്പായത്തിൽ കളിക്കളത്തിലെത്തിയ രാഹുൽ മിന്നും പ്രകടനങ്ങളിലൂടെ ആരാധക മനം കവർന്നു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ആയി എത്തിക്കൊണ്ടാണ് രാഹുൽ കെ‌ബി‌എഫ്‌സിക്കായി അരങ്ങേറ്റം കുറിച്ചത്.

KP Rahul to continue with Kerala Blasters, sign 3 year deal
Author
Kochin, First Published Sep 30, 2020, 5:41 PM IST

കൊച്ചി: വിങ്ങുകളിൽ ചടുല നീക്കങ്ങൾക്ക് പേരുകേട്ട മലയാളി താരം കെ പി രാഹുൽ ബ്ലസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ്  ബ്ലാസ്റ്റേഴ്സുമായി രാഹുല്‍ കരാർ ദീർഘിപ്പിച്ചത്. തൃശൂർ ജില്ലാ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് കരിയർ ആരംഭിച്ച രാഹുൽ കേരള അണ്ടർ 14ടീമിനായി കൊൽക്കത്തയിലും ബൂട്ടണിഞ്ഞിട്ടുണ്ട്.

ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിനായി തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമി ബാച്ചിന്റെ ഭാഗമാകാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ കഴിവുകൾ തിരിച്ചറിഞ്ഞത്.  ടൂർണമെന്റിൽ ഇന്ത്യ കളിച്ച മൂന്ന് മത്സരങ്ങളുടെയും സ്റ്റാർട്ടിംഗ് ലൈനപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം.

ഐ ലീഗിന്റെ രണ്ട് സീസണുകളിൽ ഇന്ത്യൻ ആരോസിനായി കളിക്കളത്തിലെത്തിയ രാഹുൽ വിങ്ങുകളിൽ തന്റെ ആസാമാന്യ വേഗതയും, ട്രിക്കുകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ട് അഞ്ച് ഗോളുകളും മൂന്ന് അസ്സിസ്റ്റുകളും തന്‍റെ പേരിലാക്കി. തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിനായി സ്വന്തം മണ്ണിൽ മഞ്ഞകുപ്പായത്തിൽ കളിക്കളത്തിലെത്തിയ രാഹുൽ മിന്നും പ്രകടനങ്ങളിലൂടെ ആരാധക മനം കവർന്നു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ മത്സരത്തിൽ സബ്സ്റ്റിട്യൂട്ട് ആയി എത്തിക്കൊണ്ടാണ് രാഹുൽ കെ‌ബി‌എഫ്‌സിക്കായി അരങ്ങേറ്റം കുറിച്ചത്.

ഹൈദരാബാദ് എഫ്‌സിക്കെതിരായ മത്സരത്തിൽ എതിരാളികളുടെ പ്രതിരോധത്തിൽ തന്റെ വേഗതകൊണ്ട് വിള്ളൽ വീഴ്ത്തികൊണ്ട്  ക്ലബിനായി തന്റെ ആദ്യ ഗോൾ നേടി അദ്ദേഹം തന്റെ മികവറിയിച്ചു. കഴിഞ്ഞ സീസണിൽ മൈതാനത്ത് അദ്ദേഹത്തിന്റെ  പ്രകടനം പരിമിതമായിരുന്നെങ്കിലും വളരെ ശ്രദ്ധയാകർഷിച്ചതും വ്യക്തമായിരുന്നു.

"കേരള ബ്ലാസ്റ്റേഴ്സ് എന്റെ വീടാണ്, ആരാധകരുടെ പിന്തുണയാണ് എല്ലാം.  സ്‌പോർട്ടിംഗ് ഡയറക്ടറുമായുള്ള എന്റെ സംഭാഷണത്തിലും ക്ലബിൽ എന്നെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലും ഞാൻ വളരെ സന്തുഷ്ടനായിരുന്നു.  ഇത് എന്റെ കരിയറിന്റെ ആരംഭം മാത്രമാണ്, കൂടുതൽ മെച്ചപ്പെടുത്തലിന്  തീർച്ചയായും എനിക്കിവിടെ അവസരം ലഭിക്കും. അതിനുള്ള ശരിയായ സ്ഥലമാണ് കേരള ബ്ലാസ്റ്റേഴ്സ് എന്ന് എനിക്ക് ഉറപ്പുണ്ട്.  അതിനാൽ, കേരളത്തിന്റെ സ്വന്തം ക്ലബ്ബായ ബ്ലാസ്റ്റേഴ്‌സിൽ തുടരുന്നതിൽ  എനിക്ക് അതിയായ സന്തോഷമുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനും സ്വയം തെളിയിക്കാനുമുള്ള ഈ മഹത്തായ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യും." രാഹുൽ പറഞ്ഞു.

ക്ലബിനൊപ്പം മികച്ച കാര്യങ്ങൾ നേടാൻ കഴിയുന്ന രാഹുൽ ഭാവിയിലേക്കുള്ള താരമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.  മാത്രമല്ല, അദ്ദേഹത്തിന്റെ കഠിനാധ്വാന മനോഭാവം അദ്ദേഹത്തെ ആരാധകരുടെ പ്രിയങ്കരനാക്കി.കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും പഠിക്കാനുള്ള ആകാംക്ഷയുമുള്ള  അതിശയകരമായ ഒരു കളിക്കാരൻ കൂടിയാണ് അദ്ദേഹം.  രാഹുലിനെപ്പോലുള്ള നിലവാരമുള്ള യുവതാരങ്ങളെ വികസിപ്പിക്കുന്നതിലാണ്  ക്ലബ് ശ്രദ്ധയൂന്നുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് മാത്രമല്ല, രാജ്യത്തിനും അഭിമാനിക്കാനാകുന്ന തരത്തിൽ അദ്ദേഹം ഒരു മികച്ച കളിക്കാരനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ സീസണിൽ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios