വലന്‍സിയ: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണയ്‌ക്ക് അപ്രതീക്ഷിത തോൽവി. എവേ മത്സരത്തിൽ വലന്‍സിയയോട് ആണ് ബാഴ്‌സ തോറ്റത്. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് വലന്‍സിയയുടെ ജയം. 

48-ാം മിനിറ്റില്‍ ജോര്‍ഡി ആല്‍ബയുടെ സെൽഫ് ഗോളില്‍ ബാഴ്‌സ പിന്നിലായി. 77-ാം മിനിറ്റില്‍ ഗോമസ് ഗോൺസാലസ് ജയം ഉറപ്പിച്ച് രണ്ടാം ഗോള്‍ നേടി. പുതിയ പരിശീലകന്‍ സെറ്റിയന് കീഴില്‍ ബാഴ്‌സയുടെ ആദ്യ തോൽവിയാണിത്. 21 കളിയിൽ 43 പോയിന്‍റുമായി ബാഴ്‌സ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരും.

എന്നാല്‍ ഇന്ന് രാത്രി വയ്യഡോലിഡിനെതിരെ സമനില നേടിയാലും റയൽ മാഡ്രിഡിന് ഒന്നാം സ്ഥാനത്തെത്താം. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് റയലിന്‍റെ മത്സരം.

എഫ്എ കപ്പില്‍ ചെല്‍സിയുടെ മുന്നേറ്റം

അതേസമയം എഫ് എ കപ്പ് ഫുട്ബോളിൽ ചെൽസി അഞ്ചാം റൗണ്ടിലേക്ക് മുന്നേറി. ഹൾസിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചാണ് ചെൽസിയുടെ മുന്നേറ്റം. മിച്ച് ബാറ്റ്ഷൂയി, ഫികായോ ടൊമോറി എന്നിവരാണ് ചെൽസിയുടെ ഗോളുകൾ നേടിയത്. 

6, 64 മിനിറ്റുകളിലാണ് ഗോളുകൾ. കാമിൽ ഗ്രോസിക്കിയാണ് ഹൾ സിറ്റിയുടെ മറുപടി ഗോൾ നേടിയത്. ബ്രെന്റ്ഫോർഡിനെ ഒറ്റഗോളിന് തോൽപിച്ച് ലെസ്റ്റർ സിറ്റിയും അഞ്ചാം റൗണ്ടിലെത്തി. സതാംപ്ടണും ടോട്ടനവും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു.