ബാഴ്സലോണ: ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോളറുടെ സ്ഥാനം ബാഴ്സലോണ താരം ലിയോണല്‍ മെസിക്ക് തന്നെ. ഫോര്‍ബ്സ് പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയില്‍ 126 മില്യണ്‍ ഡോളർ വാര്‍ഷിക വരുമാനവുമായാണ് അര്‍ജന്റീന നായകന്‍ കൂടിയായ മെസി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

രണ്ടാം സ്ഥാനത്ത് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ്. 117 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ വാര്‍ഷിക വരുമാനം. 96 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള പിഎസ്‌ജി താരം നെയ്മര്‍ ആണ് മൂന്നാം സ്ഥാനത്ത്. 42 മില്യണ്‍ ഡോളര്‍ വരുമാനവുമായി കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്താണ്.

37 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ അഞ്ചാം സ്ഥാനത്താണ്. പോള്‍ പോഗ്ബ(34 മില്യണ്‍ ഡോളര്‍), അന്റോണിയോ ഗ്രീസ്മാന്‍, ഗരെത് ബെയ്ല്‍, റോബര്‍ട്ട് ലെവന്‍ഡോവ്‌സ്കി, ഡേവിഡ് ഗിയ എന്നിവരാണ് ഏറ്റവും കൂടുതല്‍ വരുമാനമുള്ള  ആദ്യ പത്ത് ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയത്.

മെസിയുടെ വരുമാനത്തില്‍ 92 മില്യണ്‍ ഡോളര്‍ ബാഴ്സയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പ്രതിഫലമാണ്. 34 മില്യണ്‍ ഡോളര്‍ പരസ്യവരുമാനത്തിലൂടെയും മെസി സ്വന്തമാക്കി. ഈ സീസണില്‍ ബാഴ്സലോണ വിടാന്‍ തീരുമാനിച്ചെങ്കിലും റിലീസ് ക്ലോസ് ആയി 700 മില്യണ്‍ യുറോ നല്‍കണമെന്ന് ബാഴ്സ നിലപാടെടുത്തോടെ ഈ സീസണില്‍  കൂടി ബാഴ്സയില്‍ തുടരാന്‍ മെസി തീരുമാനിക്കുകയായിരുന്നു.