ഡ്രസിങ് റൂമിലെ മേശക്ക് മുകളിൽ കപ്പുമായി കയറുന്ന മെസ്സി പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ആഹ്ലാദതിമിർപ്പിലാണ് അർജന്റീനയും ആരാധകരും. ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കപ്പെടുത്തതോടെ അതുല്യ നേട്ടത്തിലെത്തിയിരിക്കുകയാണ് നീലപ്പടയുടെ ക്യാപ്റ്റൻ ലിയോണൽ മെസ്സി. ലോകകപ്പ് നേട്ടം മെസ്സിയും സംഘവും അർജന്റീനയുടെ ഡ്രസിങ് റൂമിൽ ആഘോഷിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. ഡ്രസിങ് റൂമിലെ മേശക്ക് മുകളിൽ കപ്പുമായി കയറുന്ന മെസ്സി പാട്ടുപാടി നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. കൊച്ചുകുട്ടി പുതിയതായി കിട്ടുന്ന കളിപ്പാട്ടം കണക്കെ, മെസി കപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുന്നു.
മെസി ഒരു ലോകകപ്പ് നേട്ടത്തിന് എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ആഘോഷം വ്യക്തമാക്കുന്നു. ടീമിലെ സഹതാരങ്ങളും മെസ്സിയോടൊപ്പം നൃത്തത്തിൽ ഒത്തുചേരുന്നു. മെസ്സിയുടെ മികവിലാണ് അർജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കുന്നത്. ടൂർണമെന്റിൽ ഏഴ് ഗോളും മൂന്ന് അസിസ്റ്റുകളുമായി മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും അദ്ദേഹം സ്വന്തമാക്കി. അധികസമയത്തും 3-3 എന്ന തുല്യത തുടർന്നതോടെ ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മെസ്സിപ്പട ജയിച്ചുകയറിയത്.
മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ മെസിക്കും പൗളോ ഡിബാലയ്ക്കും ലിയാന്‍ഡ്രോ പരേഡസിനും ഗോണ്‍സാലോ മോണ്ടീലിനും ലക്ഷ്യം തെറ്റിയില്ല. മറുവശത്ത് കിലിയന്‍ എംബാപ്പെ, കോളോ മ്വാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിംഗ്സ്ലി കോമാന്‍, ഓര്‍ലിന്‍ ചൗമേനി എന്നിവര്‍ക്ക് പിഴച്ചു. കൊമാനെ അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തടഞ്ഞിട്ടപ്പോള്‍ ചൗമേനി പുറത്തേക്കടിച്ചു. അര്‍ജന്റീനയുടെ മൂന്നാം ലോകകപ്പ് കിരീടമാണിത്. 1986ലായിരുന്നു അവസാനത്തേത്. 2014, ബ്രസീല്‍ ലോകകപ്പില്‍ ടീം ഫൈനലില്‍ കളിച്ചിരുന്നു. ഫ്രഞ്ച് താരം എംബാപെയും ഫൈനലിൽ തിളങ്ങി. 1966ന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് ഗോൾ നേടുന്ന ആദ്യ താരമായി എംബാപെ.
