ഞങ്ങളിൽ ആരും ഇങ്ങനെയൊരു നേട്ടം സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് മികച്ച നിലവാരമുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
ന്യൂയോര്‍ക്ക്: ലോകകപ്പിൽ ചരിത്രം കുറിച്ച് നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടിയിരിക്കുകയാണ് കേപ് വെർദെ എന്ന കുഞ്ഞു ദ്വീപ് രാജ്യം. ലോകകപ്പ് നോക്കൗട്ടിൽ പ്രവേശിക്കുന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ രാജ്യമെന്ന റെക്കോർഡും ഇതോടെ ഇവർ സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൗദി അറേബ്യയെ ഗോളില്ലാ സമനിലയിൽ തളച്ച് ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായാണ് കേപ് വെർദെയുടെ അവിശ്വസനീയ കുതിപ്പ്. എന്നാൽ, നോക്കൗട്ടിൽ അവരെ കാത്തിരിക്കുന്നത് നിലവിലെ ലോക ചാമ്പ്യൻമാരായ ലിയോണല്‍ മെസിയുടെ അർജന്‍റീനയാണ്. നോക്കൗട്ട് പോരാട്ടത്തിന് മുന്നോടിയായി അർജന്‍റീനയ്ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേപ് വെർദെയുടെ ഗോൾകീപ്പറും ലോകകപ്പ് ഹീറോയുമായ വോസിഞ്ഞ. തങ്ങൾ ആരെയും ഭയപ്പെടുന്നില്ലെന്നും ലോകത്തിലെ ഏത് വമ്പൻ ടീമിനോടും മത്സരിക്കാൻ കെൽപ്പുണ്ടെന്നും വോസിഞ്ഞ വ്യക്തമാക്കി.
ഞങ്ങളിൽ ആരും ഇങ്ങനെയൊരു നേട്ടം സ്വപ്നം കണ്ടിരുന്നില്ല. എന്നാൽ ഞങ്ങൾക്ക് മികച്ച നിലവാരമുണ്ടെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ലോകകപ്പിന് വരുമ്പോൾ ഞങ്ങൾ ഒരു മത്സരം പോലും ജയിക്കില്ലെന്ന് പലരും കരുതിക്കാണും. അർജന്‍റീനയെയും ലയണൽ മെസിയെയും നേരിടുക എന്നത് ഏതൊരു ഫുട്ബോളറുടെയും സ്വപ്നമാണ്. ആ സ്വപ്ന നിമിഷത്തിലാണ് ഞങ്ങളിപ്പോൾ. ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ മത്സരത്തിൽ പോലും കേപ് വെർദെ തോറ്റിട്ടില്ല. ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനെ ഗോളില്ലാ സമനിലയിൽ തളച്ചായിരുന്നു തുടക്കം. അന്ന് വോസിഞ്ഞയുടെ സൂപ്പര്‍മാന്‍ സേവുകളാണ് ടീമിന് തുണയായത്. രണ്ടാം മത്സരത്തിൽ കരുത്തരായ ഉറുഗ്വേയെ 2-2 എന്ന സ്കോറിലും ഇവർ തളച്ചിരുന്നു.
തങ്ങളുടെ പോരാട്ടവീര്യം വെറുമൊരു അത്ഭുതമല്ലെന്ന് വോസിഞ്ഞ വ്യക്തമാക്കി. വരും തലമുറയ്ക്ക് തങ്ങൾ മാതൃകയാകുമെന്നും വോസീഞ്ഞ കൂട്ടിച്ചേർത്തു. കടുത്ത പ്രതിസന്ധികളിലാണ് ഞങ്ങൾ വളർന്നത്. ഞങ്ങളുടെ മാതാപിതാക്കളും മുൻതലമുറയും ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഞങ്ങളെ ഈ നിലയിലെത്തിച്ചത്. ലോകമെമ്പാടുമുള്ള കേപ് വെർദെ ജനതയുടെ പ്രതിരോധത്തിന്‍റെയും രാജ്യസ്നേഹത്തിന്‍റെയും പ്രതീകമാണ് ഈ ടീം. ഞങ്ങൾ വലിയ ഹൃദയമുള്ള യഥാർത്ഥ പോരാളികളാണ്. നാളെ ഈ നാട്ടിലെ കുട്ടികൾക്ക് സ്റ്റോപ്പിറയെയോ റയാൻ മെൻഡിസിനെയോ പോലെ ആകണം എന്ന് പറയാൻ ഞങ്ങളുടെ ഈ പോരാട്ടം വഴിയൊരുക്കുമെന്നും വോസീഞ്ഞ പറഞ്ഞു.
