Asianet News MalayalamAsianet News Malayalam

ഹക്കിമി ഉമ്മയ്ക്ക് നൽകിയത് പൊന്നുമ്മ; തൂപ്പുജോലി ചെയ്ത് മകന്‍റെ സ്വപ്നത്തിന് ഒപ്പം നിന്ന സൈദയ്ക്ക് ചക്കരയുമ്മ

തൂപ്പുകാരിയായി ജോലി ചെയ്താണ് ഹക്കിമിയുടെ അമ്മ സൈദ മൗ മകന്‍റെ ഫുട്ബോൾ സ്വപ്നത്തിന് ഒപ്പം നിന്നത്. അഷ്റഫിന്‍റെ അച്ഛനും സ്പെയിനിലെ മാഡ്രിഡിൽ തെരുവുകച്ചവടക്കാരനായിരുന്നു.

Moroccan defender Achraf Hakimi kisses his mother after great win
Author
First Published Nov 29, 2022, 9:51 PM IST

ദോഹ: ബെൽജിയത്തെ ഞെട്ടിച്ച് വിജയം നേടിയ മൊറോക്കയുടെ താരം അഷ്റഫ് ഹക്കിമിയുടെ ഗോളാഘോഷത്തിന്‍റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. മത്സരം കഴിഞ്ഞിട്ട് ദിവസങ്ങളായിട്ടും ഹക്കിമി ആഘോഷിക്കുന്നതിന്‍റെ ചിത്രം ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയി നിലനില്‍ക്കുന്നു. ബെൽജിയത്തിനെതിരെ മൊറോക്കോ വിജയഗോള്‍ കുറിച്ച ശേഷം ഗാലറിയിലേക്ക് ഓടിയെത്തിയ അഷ്റഫ് ഹക്കിമി തന്‍റെ അമ്മയ്ക്ക് സ്നേഹചുംബനം നൽകിയാണ് ആഘോഷിച്ചത്.

തൂപ്പുകാരിയായി ജോലി ചെയ്താണ് ഹക്കിമിയുടെ അമ്മ സൈദ മൗ മകന്‍റെ ഫുട്ബോൾ സ്വപ്നത്തിന് ഒപ്പം നിന്നത്. അഷ്റഫിന്‍റെ അച്ഛനും സ്പെയിനിലെ മാഡ്രിഡിൽ തെരുവുകച്ചവടക്കാരനായിരുന്നു. സ്പെയിനിന് വേണ്ടി കളിക്കാമായിരുന്നിട്ടും അഷ്റഫ് ഹക്കിമി തന്‍റെ മാതൃരാജ്യമാണ് കളിക്കാൻ തെരഞ്ഞെടുത്തത്. താരം റയല്‍ മാഡ്രിഡിന്‍റെയും താരമായിരുന്നു. ഇപ്പോള്‍ ഫ്രഞ്ച് ലീഗിൽ പിഎസ്ജിയുടെ താരമാണ് അഷ്റഫ് ഹക്കിമി.

ലോകകപ്പിന് വമ്പന്‍ താരനിരയുമായെത്തിയ ബെല്‍ജിയത്തെ മൊറോക്കോ എതിരില്ലാത്ത രണ്ട് ഗോളിനാണ് അട്ടിമറിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം അബ്ദേല്‍ഹമിദ് സബിറിയാണ് ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ സക്കറിയ അബൗഖലിന്‍റെ വകയായിരുന്നു. 73-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോള്‍. സബിറി ഫ്രികിക്കിലൂടെയാണ് ഗോള്‍ നേടിയത്. അസാധാരണമായ ആംഗിളില്‍ ഇടത് വിംഗില്‍ നിന്ന് സബിറി തൊടുത്ത ഡയറക്റ്റ് ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോര്‍ത്വോയെ കബളിപ്പിച്ച് വലയിലേക്ക് കയറി.

ഇത്തവണ വാറില്‍ ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഗോള്‍ തിരിച്ചടിക്കാന്‍ ബെല്‍ജിയം കിണഞ്ഞ് ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ ഗോളും ബെല്‍ജിയം വലയിലെത്തി. സിയെച്ചിന്‍റെ പാസില്‍ അബൗഖല്‍ അനായാസം പന്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം ബെല്‍ജിയത്തിനൊപ്പം നില്‍ക്കാന്‍ മൊറോക്കോയ്ക്ക് സാധിച്ചിരുന്നു.

ഇതോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്താന്‍ മൊറോക്കയ്ക്കായി. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്റാണ് മൊറോക്കോയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ മൊറോക്കോ ക്രൊയേഷ്യയെ സമനിലയില്‍ തളച്ചിരുന്നു. ആദ്യ മത്സരത്തില്‍ കാനഡയെ മറികടന്ന ബെല്‍ജിയം മൂന്ന് പോയിന്‍റേടെ രണ്ടാം സ്ഥാനത്താണ്. ഇതോടെ ഗ്രൂപ്പില്‍ അവസാനം നടക്കുന്ന ബെല്‍ജിയം-ക്രൊയേഷ്യ പോരാട്ടം നിര്‍ണായകമാവും. 

'പതാകയെ അപമാനിച്ചു'; യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ

Follow Us:
Download App:
  • android
  • ios