പരിക്കിനെത്തുടർന്ന് ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമായ സൂപ്പർ താരം നെയ്മർ, സ്കോട്ട്‌ലൻഡിനെതിരായ നിർണായക മത്സരത്തിൽ ബ്രസീലിനായി കളിക്കും. പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മയാമി: 2026 ഫിഫ ലോകകപ്പില്‍ നോക്കൗട്ട് യോഗ്യത ലക്ഷ്യമിടുന്ന അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് വന്‍ ആശ്വാസം. ഗ്രൂപ്പ് സി-യിലെ അവസാന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ സൂപ്പര്‍ താരം നെയ്മര്‍ കളിക്കുമെന്ന് ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. മെയ് 17ന് സാന്റോസിനായി കളിക്കുന്നതിനിടെ വലതു കാലിന് പരിക്കേറ്റ 34 കാരനായ നെയ്മര്‍ക്ക് ലോകകപ്പില്‍ ബ്രസീലിന്റെ ഇതുവരെയുള്ള മത്സരങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. മൊറോക്കോ, ഹെയ്തി എന്നിവര്‍ക്കെതിരായ മത്സരങ്ങളില്‍ നെയ്മര്‍ കളിച്ചിരുന്നില്ല.
ഹെയ്തിക്കെതിരായ വിജയത്തിന് ശേഷം സംസാരിക്കവെയാണ് നെയ്മറുടെ പരിക്ക് ഭേദമായി വരികയാണെന്നും അടുത്തയാഴ്ച തുടക്കത്തില്‍ തന്നെ താരം ടീമിനൊപ്പം മുഴുവന്‍ സമയ പരിശീലനത്തില്‍ പങ്കുചേരുമെന്നും ആഞ്ചലോട്ടി വെളിപ്പെടുത്തി. ''നെയ്മര്‍ നാളെ വ്യക്തിഗത പരിശീലനം നടത്തും, തിങ്കളാഴ്ച മുതല്‍ ടീമിനൊപ്പം ചേരും. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ അദ്ദേഹത്തിന് കളിക്കാനാകും.'' ആഞ്ചലോട്ടി പറഞ്ഞു. ലോകകപ്പ് ടീമിനൊപ്പം ചേര്‍ന്നതിനുശേഷം നെയ്മര്‍ ഇതുവരെ ഒരു മുഴുവന്‍ സമയ പരിശീലന സെഷനിലും പങ്കെടുത്തിട്ടില്ല.
പരിക്കിന്റെ അവസ്ഥ വിലയിരുത്തുന്നതിനായി ഈ ആഴ്ച ആദ്യം അദ്ദേഹം മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാകുകയും പ്രത്യേക പരിശീലന പരിപാടികള്‍ പിന്തുടരുകയും ചെയ്തുവരികയായിരുന്നു. മൊറോക്കോയ്ക്കെതിരായ ആദ്യ മത്സരത്തില്‍ മുന്‍ ബാഴ്സലോണ, പിഎസ്ജി താരമായ നെയ്മറെ സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ ഇറങ്ങിയില്ല. പരിക്കിനെത്തുടര്‍ന്ന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്ന് കരുതിയിരുന്നതിനാല്‍, ഹെയ്തിക്കെതിരായ മത്സരത്തിന് മുന്നോടിയായി നെയ്മര്‍ ന്യൂജേഴ്സിയില്‍ തന്നെ തുടരുമെന്ന് ബ്രസീല്‍ അറിയിച്ചിരുന്നു.
റഫീഞ്ഞയുടെ പരിക്ക് ആശങ്കയാകുന്നു
ഏറ്റവും നിര്‍ണായകമായ സമയത്താണ് നെയ്മറുടെ തിരിച്ചുവരവ്. ഹെയ്തിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ പരിക്കേറ്റതിനെ തുടര്‍ന്ന് മുന്നേറ്റനിര താരം റഫീഞ്ഞയെ പിന്‍വലിച്ചിരുന്നു. ഹാംസ്ട്രിങ്ങിനാണ് പരിക്കേറ്റതെന്നാണ് സൂചന. ഈ ബാഴ്സലോണ വിംഗറുടെ പരിക്കിന്റെ വ്യാപ്തി വ്യക്തമല്ലെന്നും കൂടുതല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുമെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. 'ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തേണ്ടതുണ്ട്. പരിക്കിന്റെ തീവ്രത ഇതുവരെ അറിവായിട്ടില്ല.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

