2026 ഫിഫ ലോകകപ്പില്‍ ജപ്പാനെതിരെ ബ്രസീല്‍ വിജയിച്ചതിന് പിന്നാലെ, ജപ്പാന്‍ ജയിക്കുമെന്ന് പ്രവചിച്ച ജര്‍മ്മന്‍ സാമ്പത്തിക വിദഗ്ധന്‍ ജോവാക്കിം ക്ലെമെന്റിനെ പരിഹസിച്ച് നെയ്മര്‍ രംഗത്തെത്തി. മുന്‍ ലോകകപ്പുകളിലെ വിജയികളെ കൃത്യമായി പ്രവചിച്ച ക്ലെമെന്റിന്റെ പ്രവചനം ഇത്തവണ തെറ്റുകയായിരുന്നു. അവസാന നിമിഷത്തെ ഗോളിലാണ് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.

ഹൂസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നതിന് പിന്നാലെ, സമൂഹമാധ്യമങ്ങളില്‍ വൈറലായി നെയ്മറിന്റെ പരിഹാസം. ടൂര്‍ണമെന്റിലെ അട്ടിമറി വിജയം ജപ്പാന്‍ നേടുമെന്ന് പ്രവചിച്ച ജര്‍മ്മന്‍ സാമ്പത്തിക വിദഗ്ധന്‍ ജോവാക്കിം ക്ലെമെന്റിനെയാണ് നെയ്മര്‍ തന്റെ പോസ്റ്റിലൂടെ കളിയാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബ്രസീല്‍-ജപ്പാന്‍ മത്സരം അവസാനിച്ചതിന് പിന്നാലെ, 'മിസ്റ്റര്‍ ജോവാക്കിം ക്ലെമെന്റ്... ദയവായി അടുത്ത ലോകകപ്പില്‍ വീണ്ടും ശ്രമിക്കുക' എന്നായിരുന്നു നെയ്മര്‍ എക്‌സില്‍ കുറിച്ചത്. ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പ്രവേശനത്തെ ആരാധകര്‍ ആഘോഷമാക്കിയപ്പോള്‍, ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനം പരാജയപ്പെട്ടതും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.

തെറ്റിയ ആ പ്രവചനം

ഗണിതശാസ്ത്രജ്ഞനും സാമ്പത്തിക വിദഗ്ധനുമായ ജോവാക്കിം ക്ലെമെന്റ് തന്റെ പ്രവചനങ്ങളിലൂടെ പ്രശസ്തനാണ്. 2014-ല്‍ ജര്‍മ്മനിയും, 2018-ല്‍ ഫ്രാന്‍സും, 2022-ല്‍ അര്‍ജന്റീനയും വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ക്ലെമെന്റ്, ഇത്തവണ ലോകകപ്പില്‍ ജപ്പാന്‍ ബ്രസീലിനെ അട്ടിമറിക്കുമെന്ന് പ്രവചിച്ചിരുന്നു. ഫോര്‍ച്യൂണ്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ബ്രസീലിന്റെ നിലവിലെ തലമുറ അത്ര മികച്ചതല്ലെന്നും ജപ്പാന്‍ വളരെ കരുത്തുറ്റ ടീമാണെന്നും അദ്ദേഹം വാദിച്ചിരുന്നു.

ബ്രസീലിന്റെ തിരിച്ചുവരവ്

മത്സരത്തിന്റെ ഭൂരിഭാഗം സമയവും ക്ലെമെന്റിന്റെ പ്രവചനം ശരിയാകുമെന്ന് തോന്നിപ്പിച്ചെങ്കിലും, കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ബ്രസീല്‍ തങ്ങളുടെ യഥാര്‍ത്ഥ കരുത്ത് പുറത്തെടുത്തത്. മത്സരത്തിന്റെ അവസാന നിമിഷം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി ഗോളാക്കി മാറ്റിയതോടെ ബ്രസീല്‍ 2-1 എന്ന സ്‌കോറിന് വിജയിച്ചു. ജപ്പാന്റെ സ്വപ്നതുല്യമായ ലോകകപ്പ് യാത്രയ്ക്ക് ഇതോടെ അന്ത്യമായി.