ലോകകപ്പിൽ മത്സരിച്ച പത്ത് ആഫ്രിക്കൻ ടീമുകളിൽ ഒൻപതും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. Nine out of ten African teams secure World Cup round of 32 berth

ലോകകപ്പിന്റെ നോക്കൗട്ട് ചിത്രം തെളിഞ്ഞപ്പോൾ ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള ഒൻപത് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് ഇടം നേടിയിരിക്കുന്നത്. പത്ത് ടീമുകളുമായി ലോകകപ്പിനെത്തിയ ആഫ്രിക്കയിൽ നിന്നും മൊറോക്കോ, ഈജിപ്ത്, സെനഗൽ, അൾജീരിയ, കേപ് വർദെ, ഘാന, ഐവറി കോസ്റ്റ്, കോംഗോ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് നോക്കൗട്ടിലെത്തിയത്. ടുണീഷ്യ മാത്രമാണ് നോക്കൗട്ടിലെത്താതെ പോയ ആഫ്രിക്കൻ ടീം. പല ടീമുകളും വമ്പൻ അട്ടിമറികൾ നടത്തിയപ്പോൾ ബ്രസീൽ, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ വമ്പന്മാരെ സമനിലയിൽ പിടിക്കാനും പല ടീമുകൾക്കും സാധിച്ചു. നോക്കൗട്ടിൽ നിന്നും എത്ര ടീമുകൾ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോകകപ്പിലെ ആഫ്രിക്കൻ കരുത്ത്

ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിനെ ആദ്യ കളിയിൽ തന്നെ സമനിലയിൽ തളച്ചാണ് ഹക്കിമിയുടെ മൊറോക്കോ കളി തുടങ്ങിയത്. രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പിൽ ബ്രസീലിന് പിന്നിൽ രണ്ടാമതായാണ് മൊറോക്കോ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച മൊറോക്കോയ്ക്ക് നെതർലൻഡ്സ് ആണ് നോക്കൗട്ടിൽ എതിരാളികൾ. ഗ്രൂപ്പ് ജി യിൽ ബെൽജിയത്തിന് പുറകിലായാണ് ഈജിപ്ത് തങ്ങളുടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. രണ്ട് മത്സരങ്ങൾ സമനിലയായെങ്കിലും ന്യൂസിലൻഡിനെ 3 - 1 ഈജിപ്ത് തോൽപ്പിച്ചിരുന്നു. നോക്കൗട്ടിൽ ഓസ്‌ട്രേലിയയുമായാണ് ഈജിപ്തിന്റെ മത്സരം.

രണ്ട് ജയങ്ങൾ സ്വന്തമാക്കി ജർമനിയുടെ ഗ്രൂപ്പിൽ നിന്നും രണ്ടാമതായാണ് ഐവറി കോസ്റ്റ് നോക്കൗട്ടിൽ എത്തിയിരിക്കുന്നത്. മുൻ ചാമ്പ്യന്മാരായ ജർമനിയോട് മാത്രമാണ് ഐവറി കോസ്റ്റ് തോറ്റത്. ഇക്വഡോറിനെതിരെയും കുറസോവോക്കെതിരെയും മികച്ച വിജയം സ്വന്തമാക്കാൻ സാധിച്ച ഐവറി കോസ്റ്റിന് നോർവേയാണ് നോക്കൗട്ടിൽ എതിരാളികൾ. ഗ്രൂപ്പ് എ യിൽ നിന്നും സൗത്ത് ആഫ്രിക്കയാണ് യോഗ്യത നേടിയിരിക്കുന്നത്. മെക്സിക്കോയാണ് ഗ്രൂപ് ചാമ്പ്യന്മാർ. ഒരു ജയം ഒരു സമനില ഒരു തോൽവി എന്ന കണക്കിൽ നാല് പോയന്റുകൾ നേടിയാണ് സൗത്ത് ആഫ്രിക്ക നോക്കൗട്ടിൽ എത്തിയിരിക്കുന്നത്. കാനഡയുമായാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.

ആദ്യമായി ലോകകപ്പിനെത്തി എല്ലാവരെയും ഞെട്ടിച്ച ടീമായിരുന്നു കേപ് വർദെ. ആദ്യ മത്സരത്തിൽ തന്നെ യൂറോ ചാമ്പ്യന്മാരായ സ്പെയിനിനെ സമനിലയിൽ തളക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കേപ് വർദെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. മൂന്ന് കളികളിൽ മൂന്ന് സമനില നേടിയ കേപ് വർദെയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ അർജന്റീയാണ് എതിരാളികൾ.

ഗ്രൂപ്പ് ഐ യിൽ നിന്നും മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടം നേടിയാണ് സെനഗൽ ഇത്തവണ നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയത്. മൂന്ന് കളികളിൽ ഒരു ജയവും രണ്ട് തോൽവിയും ഏറ്റുവാങ്ങിയെങ്കിലും ഇറാന്റെയും സൗത്ത് കൊറിയയുടെയും ഗോൾ വ്യത്യാസത്തിൽ സെനഗലിന് നോക്കൗട്ടിലേക്ക് യോഗ്യത ലഭിച്ചു. ബെൽജിയം ആണ് സെനഗലിന്റെ എതിരാളികൾ.

ഓസ്ട്രിയയുമായി സമനില പിടിച്ചതോടെയാണ് ഗ്രൂപ് ജെ യിൽ നിന്നും അൾജീരിയയ്ക്ക് നോക്കൗട്ട് ടിക്കറ്റ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്കുള്ള എട്ട് ടീമുകളുടെ പട്ടികയിൽ പരാഗ്വായ്, സെനഗൽ എന്നീ ടീമുകളെ പിന്തളി ആറാം സ്ഥാനത്താണ് റിയാദ് മെഹ്‌റസിന്റെ അൾജീരിയ ഇടം പിടിച്ചത്. സ്വിറ്റ്‌സർലൻഡ് ആണ് അൾജീരിയയുടെ നോക്കൗട്ട് എതിരാളികൾ. മൂന്നാം സ്ഥാനക്കരുടെ പട്ടികയിൽ ഗോൾ വ്യത്യാസത്തിന്റെ പുറത്ത് ഒന്നാമതായാണ് കോംഗോ ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ പോർചുഗലിനോട് സമനില പിടിച്ചതും ഉസ്‌ബെക്കിസ്ഥാൻ തോൽപ്പിച്ചതും കോംഗോയ്ക്ക് ഗുണം ചെയ്തു. ഇംഗ്ലണ്ട് ആണ് നോക്കൗട്ടിൽ കോംഗോയുടെ എതിരാളികൾ. മരണഗ്രൂപ്പെന്ന് വിലയിരുത്തപ്പെട്ട ഗ്രൂപ്പ് എല്ലിൽ നിന്നും അതിജീവിച്ചാണ് ഘാന നോക്കൗട്ടിലെത്തിയത്. ഇംഗ്ലണ്ടിനോട് സമനില പിടിച്ചതും പനാമയെ തോൽപ്പിച്ചതും ഘാനയ്ക്ക് ഗുണം ചെയ്തു. ക്രൊയേഷ്യയോട് മാത്രമാണ് ഘാന ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിഞ്ഞത്. നോക്കൗട്ടിൽ കൊളംബിയയാണ് ഘാനയുടെ എതിരാളികൾ.

YouTube video player