Asianet News MalayalamAsianet News Malayalam

ലൂക്കാക്കു 'ചതിച്ചു'; യൂറോപ്പ ലീഗ് കിരീടം സെവിയ്യക്ക്

74ാം മിനിറ്റിലാണ് ഇന്ററിനെ ഞെട്ടിച്ച് ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോള്‍.
 

Sevilla beat Intermilan in Europa league Final
Author
Berlin, First Published Aug 22, 2020, 7:52 AM IST

സൂപ്പര്‍ താരം റൊമേലു ലൂക്കാക്കു വില്ലനായപ്പോള്‍ യൂറോപ്പ ലീഗ് കിരീടത്തിന്റെ കലാശപ്പോരാട്ടത്തില്‍ സെവിയ്യക്കെതിരെ ഇന്റര്‍മിലാന് തോല്‍വി. ഇരു ടീമും രണ്ട് ഗോളടിച്ച് നില്‍ക്കെ 74ാം മിനിറ്റില്‍ ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോളിലാണ് സെവിയ്യ കിരീടം നേടിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സെവിയ ഇന്റര്‍മിലാനെ തോല്‍പ്പിച്ചത്. 

ഇത് ആറാം തവണയാണ് സെവിയ യൂറോപ്പ് കപ്പ് നേടുന്നത്. ഫൈനലില്‍ എത്തിയ ഒരു മത്സരത്തിലും സെവിയ പരാജയപ്പെട്ടിട്ടില്ല എന്നതും പ്രത്യേകതയാണ്.സെവിയയ്ക്കായി ലൂക്ക് ഡെ ജോങ് രണ്ട് ഗോള്‍ നേടി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ലൂക്കാക്കുവാണ് സ്‌കോറിംഗ് തുടങ്ങിയത്. ബോക്‌സിനുള്ളില്‍ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലൂക്കാക്കു വലയിലാക്കി. 

 എന്നാല്‍, 12ാം മിനിറ്റില്‍ ലൂക് ഡെ ജോങ് സെവിയ്യക്കുവേണ്ടി തിരിച്ചടിച്ചു. 33ാം മിനിറ്റില്‍ ജോങ് സെവിയ്യയെ മുന്നിലെത്തിയെങ്കിലും വെറും രണ്ട് മിനിറ്റിന്റെ ആയുസ്സ് മാത്രമാണ് ലീഡിനുണ്ടായത്. 35ാം മിനിറ്റില്‍ ഡീഗോ ഗോഡിനിലൂടെ ഇന്റര്‍ തിരിച്ചടിച്ചു. 74ാം മിനിറ്റിലാണ് ഇന്ററിനെ ഞെട്ടിച്ച് ലൂക്കാക്കുവിന്റെ സെല്‍ഫ് ഗോള്‍. ബോക്‌സിനുള്ളില്‍ നിന്ന് സെവിയ്യ താരം ഡിയാഗോ കാര്‍ലോസിന്റെ മനോഹരമായ ബൈസിക്കിള്‍ കിക്ക്, പോസ്റ്റിന് പുറത്തേക്കെന്ന് തോന്നിച്ച ഷോട്ട് ലൂക്കാക്കു ക്ലിയര്‍ ചെയ്തത് നേരെ വലയിലേക്ക്. പിന്നീട് ഗോള്‍ മടക്കാന്‍ ഇന്റര്‍ ശ്രമിച്ചെങ്കിലും സെവിയ്യന്‍ പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. 

Follow Us:
Download App:
  • android
  • ios