ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളുമാണ് സ്പെയിനിന് ആധികാരിക വിജയം സമ്മാനിച്ചത്.
ലൊസാഞ്ചലസ്∙ ഓസ്ട്രിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോൽപ്പിച്ച് ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് സ്പെയിൻ. ഒയർസബാലിന്റെ ഇരട്ട ഗോളുകളും പെഡ്രോ പൊറോയുടെ ഗോളും ചേർന്ന് ആധികാരിക വിജയമാണ് സ്പെയിൻ സ്വന്തമാക്കിയത്. സ്പാനിഷ് കുതിപ്പിനിടെ ഒന്നും ചെയ്യാനാവാതെ മൈതാനത്ത് ഓസ്ട്രിയ അക്ഷരാർത്ഥത്തിൽ വിയർക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച നീക്കങ്ങളുമായി സ്പെയിൻ കളം നിറഞ്ഞു. സ്പാനിഷ് താരം ലമീൻ യമാലിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ തന്നെ യമാൽ വൻ ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയ ഗോൾ കീപ്പർ തട്ടിയകറ്റി. പിന്നാലെ കളംപിടിക്കാൻ ഓസ്ട്രിയ ചില ശ്രമങ്ങൾ നടത്തി. എന്നാൽ 36–ാം മിനിറ്റിൽ സ്പെയിൻ വല കുലുക്കി. മാർക് കുകുറെല നൽകിയ നിർണായക ക്രോസിലൂടെ ബോക്സിൽ പന്തു ലഭിച്ച ഒയർസബാൽ, അനായാസം ഗോളടിച്ചു. 45–ാം മിനിറ്റിൽ ഓസ്ട്രിയൻ താരം മിച്ചൽ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്സിലെത്തിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.
66–ാം മിനിറ്റിൽ പെഡ്രോ പൊറോ സ്പെയിനിനായി രണ്ടാമത്തെ ഗോൾ നേടി. ഇടതു വിങ്ങിൽ നിന്ന് അലക്സ് ബെന നൽകിയ അസിസ്റ്റിൽ ഹെഡറിലൂടെ പൊറോ ലക്ഷ്യത്തിൽ എത്തിച്ചു. പൊറോയ്ക്കിത് സ്പാനിഷ് ജഴ്സിയിലെ ആദ്യ ഗോള്‍ ആണ്. നിശ്ചിത സമയം അവസാനിക്കാൻ ഒരു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോഴാണ് സ്പെയിൻ മൂന്നാമത്തെ ഗോളടിച്ചത്. 89ാം മിനിറ്റിൽ ഒയർസബാൽ സ്പെയിനിനായി വീണ്ടും വല കുലുക്കിയതോടെ ഓസ്ട്രിയയുടെ പരാജയം പൂർണമായി. സ്പെയിൻ-03, ഓസ്ട്രിയ-0. ആറു മിനിറ്റ് ഇൻജ്വറി ടൈമിലും ഓസ്ട്രിയയ്ക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതോടെ സ്പെയിൻ മറുപടിയില്ലാത്ത മൂന്ന് ഗോളുകളുമായി പ്രീക്വാർട്ടറിൽ കടന്നു. പ്രീക്വാർട്ടറിൽ പോർച്ചുഗൽ– ക്രൊയേഷ്യ മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
