ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡെ. സീസണിലെ അവസാന മത്സരമാണ് ഇന്ന് നടക്കുന്നത്. ലിവര്‍പൂള്‍ ലീഗില്‍ ചാംപ്യന്‍മാരായി കഴിഞ്ഞു. മാഞ്ചസ്റ്ററില്‍ സിറ്റി രണ്ടാം സ്ഥാനവും ഉറപ്പിച്ചു. ഇരുവരും ചാംപ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പാക്കി. ചാംപ്യന്‍സ് ലീഗിന് ഇനിയും രണ്ട് ടീമുകള്‍ക്ക് അവസരമുണ്ട്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലെസ്റ്റര്‍ എന്നിവര്‍ക്കാണ് യോഗ്യത നേടാന്‍ അവസരം. ലീഗില്‍ ഒരു മത്സരം മാത്രമാണ് ഇനി ശേഷിക്കുന്നത്. 37 മത്സരങ്ങളില്‍ 63 പോയിന്റുമായി യുനൈറ്റഡ് മൂന്നാമതാണ്. ഇത്രയും പോയിന്റുള്ള ചെല്‍സി നാലാം സ്ഥാനത്തും 62 പോയിന്റുള്ള ലെസ്റ്റര്‍ അഞ്ചാമതും നില്‍ക്കുന്നു. ഗോള്‍ വ്യത്യാസമാണ് ചെല്‍സിയെ യുനൈറ്റഡിന് പിന്നാലാക്കിയത്.

ഞായറാഴ്ച നടക്കുന്ന രണ്ട് മത്സരങ്ങള്‍ ആണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ആര്‍ക്കെന്ന് വിധിക്കുക. ഇതില്‍ ഒരു മത്സരത്തില്‍ യുനേറ്റഡ് ലെസ്റ്ററിനെ നേരിടും. മറ്റൊന്നില്‍ ചെല്‍സി വോള്‍വ്സിനെ നേരിടും. ചെല്‍സിക്കും യുണൈറ്റഡിനും അവസാന മത്സരത്തില്‍ ഒരു സമനില ചാമ്പ്യന്‍സ് ലീഗ് യോഗ്യത നല്‍കും. ലെസ്റ്ററിന് യോഗ്യത ലഭിക്കണമെങ്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തുകയോ അല്ലായെങ്കില്‍ ചെല്‍സി പരാജയപ്പെടുകയും ലെസ്റ്റര്‍ സമനില നേടുകയും ചെയ്യണം. ഗോള്‍ വ്യത്യാസത്തില്‍ ചെല്‍സിയെ മറികടക്കാന്‍ ലെസ്റ്ററിനാവും.

ചെല്‍സിക്ക് എതിരാളികളായുള്ള വോള്‍വ്സ് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിക്കാന്‍ എന്തായാലും വിജയിക്കേണ്ടതുണ്ട്. വോള്‍വ്സ് മികച്ച ഫോമിലുമാണ്. ലെസ്റ്റര്‍ സിറ്റി വിജയിക്കുകയും ചെല്‍സി പരാജയപ്പെടാതിരിക്കുകയും ചെയ്താല്‍ യുനൈറ്റഡാണ് പുറത്താവുക. യുനൈറ്റഡും ചെല്‍സിയും പരാജയപ്പെടുക ആണെങ്കില്‍ ചെല്‍സി ആകും ചാമ്പ്യന്‍സ് ലീഗ് യോഗ്യതക്ക് പുറത്താവുക. എല്ലാ മത്സരങ്ങളും ഇന്ന് വൈകിട്ട് 8.30നാണ് നടക്കുക. എന്തായാലും പ്രീമിയര്‍ ലീഗിലെ അവസാന ദിവസം നാടകീയത നിറഞ്ഞതായിരിക്കും എന്ന് ഉറപ്പിക്കാം.