അർജന്‍റീന മണ്ണിൽ തങ്ങളുടെ പ്രിയപ്പെട്ട നായകൻ കളിക്കുന്ന അവസാന മത്സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവൻ മെസി ചാന്‍റുകളാൽ മുഖരിതമായിരുന്നു.
ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൈകാരിക നിമിഷങ്ങൾക്കാണ് അർജന്‍റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വന്തം രാജ്യത്തെ ആരാധകർക്ക് മുന്നിൽ അവസാന മത്സരത്തിനായി ബൂട്ടുകെട്ടിയ ഇതിഹാസതാരം ലയണൽ മെസ്സി, വികാരമടക്കാനാവാതെ പൊട്ടിക്കരഞ്ഞത് ലക്ഷക്കണക്കിന് ആരാധകരുടെ കണ്ണ് നിറച്ചു. സാംബിയക്കെതിരായ സൗഹൃദ മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുമ്പോഴാണ് മുപ്പത്തിയെട്ടുകാരനായ മെസി വികാരാധീനനായത്.
അർജന്‍റീന മണ്ണിൽ തങ്ങളുടെ പ്രിയപ്പെട്ട നായകൻ കളിക്കുന്ന അവസാന മത്സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവൻ മെസി ചാന്‍റുകളാൽ മുഖരിതമായിരുന്നു. തനിക്ക് ലഭിച്ച സ്നേഹപ്രകടനങ്ങൾ കണ്ട് കണ്ണുനീർ തുടയ്ക്കുന്ന മെസിയുടെ വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്.
വികാരത്തള്ളിച്ചയിലും ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും ഗ്രൗണ്ടില്‍ തന്‍റെ മാസ്മരിക പ്രകടനത്തിന് ഒട്ടും കുറവുണ്ടാവില്ലെന്ന് മെസി തെളിയിച്ചു.സാംബിയക്കെതിരായ മത്സരത്തിൽ അർജന്‍റീന എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ജയിച്ചപ്പോൾ ഒരു ഗോളും ഒരു അസിസ്റ്റുമായാ മെസി തിളങ്ങി. നാലാം മിനിറ്റിൽ ജൂലിയൻ അൽവാരസിന് ഗോളിന് വഴിയൊരുക്കിയായിരുന്നു മെസി തുടക്കം കുറിച്ചത്. 43-ാം മിനിറ്റിലായിരുന്നു സ്റ്റേഡിയത്തെ ഇളക്കിമറിച്ചുകൊണ്ട് മെസി സ്വന്തം പേരിൽ ഒരു ഗോൾ കുറിച്ചത്. മെസിക്കും അൽവാരസിനും പുറമെ 50ാം മിനിറ്റില്‍ പെനല്‍റ്റിയില്‍ നിന്ന് നിക്കൊളാസ് ഒട്ടമെന്‍ഡിയും ഇഞ്ചുറി ടൈമില്‍ വാലന്‍റൈൻ ബാർക്കോയും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടപ്പോള്‍ 68-ാം മിനിറ്റില്‍ ഡൊമനിക്ക് ചന്ദ നേടിയ സെല്‍ഫ് ഗോള്‍ സാംബിയയുടെ തോല്‍വിഭാരം കൂട്ടി.
ജൂൺ 11-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി തുടങ്ങുന്ന ലോകകപ്പിന് മുന്നോടിയായുള്ള അവസാന ഹോം മത്സരമായിരുന്നു ഇത്. മത്സരത്തിലുടനീളം കാണികൾ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് തങ്ങളുടെ ഇതിഹാസത്തിന് ആദരവ് നൽകിയത്. വെള്ളിയാഴ്ച നടന്ന മൗറിറ്റാനക്കെതിരായ സൗഹൃദ മത്സരത്തില്‍ 2-1ന്‍റെ നേരിയ ജയം മാത്രമായിരുന്നു അര്‍ജന്‍റീന നേടിയത്. തുടര്‍ന്ന് ലോകകപ്പ് ടീമില്‍ സ്ഥാനം ആഗ്രഹിക്കുന്നവര്‍ക്ക് കര്‍ശനമുന്നറിയിപ്പുമായി കോച്ച് ലിയോണൽ സ്കലോണി രംഗത്തെത്തിയിരുന്നു. 2022ലെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഇറങ്ങിയ ഫൈനല്‍ ഇലവനോട് സമാനമായ ഇലവനെയാണ് സാംബിയക്കെതിരെയും കോച്ച് ഗ്രൗണ്ടിലിറക്കിയത്. പരിക്കുള്ള റോഡ്രിഗോ ഡീ പോളും വിരമിച്ച ഏയ്ഞ്ചല്‍ ഡി മരിയയുമായിരുന്നു ശ്രദ്ധേയ അസാന്നിധ്യങ്ങള്‍.
