ആദ്യ പകുതിയിൽ 24-ാം മിനുട്ടിൽ സൊബോസ്ലയി ലൈപ്സിഗിനായി ആദ്യ ഗോൾ നേടി. 71-ാം മിനിറ്റിൽ ആന്ദ്രേ സിൽവ ലൈപ്സിക്കിനായി രണ്ടാം ഗോൾ നേടി.

ലൈപ്‌സിക്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ (UEFA Champions League 2021-22 ) ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് (Manchester City) തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയെ ആർബി ലൈപ്സിക് (RB Leipzig) തോൽപ്പിച്ചത്. ജയത്തോടെ ലെപ്സിക് യൂറോപ്പ ലീഗിൽ സ്ഥാനം പിടിച്ചു. ആദ്യ പകുതിയിൽ 24-ാം മിനുട്ടിൽ സൊബോസ്ലയി ലൈപ്സികിനായി ആദ്യ ഗോൾ നേടി. 71-ാം മിനിറ്റിൽ ആന്ദ്രേ സിൽവ ലൈപ്സിക്കിനായി രണ്ടാം ഗോൾ നേടി. 76-ാം മിനുറ്റില്‍ റിയാദ് മെഹ്രസ് സിറ്റിയുടെ ആശ്വാസ ഗോൾ വലയിലിട്ടു. തോറ്റെങ്കിലും സിറ്റി ഗ്രൂപ്പ് എയില്‍ ചാമ്പ്യൻമാരായി നോക്കൗട്ട് റൗണ്ടിൽ കടന്നു.

റയല്‍ മുന്നോട്ട്

ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇന്‍റർ മിലാനെ തോൽപ്പിച്ചു. 17-ാം മിനിറ്റിൽ ടോണി ക്രൂസും 79-ാം മിനിറ്റിൽ മാര്‍ക്കോ അസെൻസിസിയോയും റയൽ മാഡ്രിഡിനായി വല കുലുക്കി. അതേസമയം ഇന്‍ററിന്‍റെ നിക്കോള്‍ ബരെല്ലാ 64-ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്തായി. റയലും ഇന്‍ററും നേരത്തേ തന്നെ പ്രീ-ക്വാർട്ടർ ഉറപ്പാക്കിയിരുന്നു. ഗ്രൂപ്പ് ഡിയില്‍ റയലാണ് ചാമ്പ്യന്‍മാര്‍. 

ആറും ജയിച്ച് ലിവര്‍പൂള്‍, മിലാന്‍ പുറത്ത്

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ലിവർപൂള്‍ ആറാം ജയം രുചിച്ചു. എ സി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണിത്. ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു ഇരട്ട ഗോളുകളുമായി ലിവർപൂളിന്‍റെ ജയം. ടമോറി 28-ാം മിനുറ്റില്‍ മിലാനെ മുന്നിലെത്തിച്ചു. ലിവർപൂളിനായി 36-ാം മിനിറ്റിൽ മുഹമ്മദ് സലയും 55-ാം മിനിറ്റിൽ ഒറിഗിയും ഗോളുകൾ നേടി. ബി ഗ്രൂപ്പില്‍ ലിവര്‍പൂളാണ് ചാമ്പ്യന്‍മാര്‍. തോൽവിയോടെ മിലാൻ നോക്കൗട്ട് റൗണ്ട് കാണാതെ പുറത്തായി. 

അത്‍ലറ്റിക്കോ അകത്ത്, പോര്‍ട്ടോ പുറത്ത്

ഗ്രൂപ്പ് ബി മത്സരത്തിൽ പോർട്ടോക്കെതിരെ അത്‍ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. മൂന്ന് ചുവപ്പ് കാർഡും നാല് ഗോളുകളും പിറന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് അത്‌ലറ്റിക്കോ ജയിച്ചത്. അത്‍ലറ്റിക്കോ മാഡ്രിഡിനായി 56-ാം മിനിറ്റിൽ ഗ്രീസ്‌മാനും 90-ാം മിനിറ്റിൽ കൊറേയയും ഇഞ്ചുറിടൈമിൽ ഡീപോളും(90+2) വലകുലുക്കി. പെനാല്‍റ്റിയിലൂടെ സെര്‍ജിയോ ഒലിവിയേരയാണ്(90+6) പോർട്ടോയുടെ ആശ്വാസ ഗോൾ നേടിയത്. നിർണായക ജയത്തോടെ അത്‍ലറ്റിക്കോ മാഡ്രിഡ് നോക്കൗട്ട് റൗണ്ടിൽ കടന്നപ്പോൾ പോർട്ടോ പുറത്തായി.

UCL : മിന്നും ജയവുമായി പിഎസ്‌ജി; പെലെയുടെ റെക്കോര്‍ഡ് തകര്‍ത്ത് ലിയോണല്‍ മെസി; എംബാപ്പേയ്‌ക്കും ചരിത്ര നേട്ടം