Asianet News MalayalamAsianet News Malayalam

ചാംപ്യന്‍സ് ലീഗ്: വീണ്ടും രക്ഷകനായി ക്രിസ്റ്റ്യാനോ, മാഞ്ചസ്റ്ററിന് ജയം; ചെല്‍സി, ബയേണ്‍ മുന്നേറി

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് ജയിച്ചത്. മാര്‍കസ് റാഷ്‌ഫോഡ്, ഹാരി മഗ്വയര്‍ എന്നിവരാണ് മറ്റ് ഗോളുള്‍ നേടിയത്.
 

UEFA Champions League Cristiano goal led Manchest United to win
Author
Manchester, First Published Oct 21, 2021, 9:35 AM IST

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് (UEFA Champions League) ലീഗില്‍ വമ്പന്മാര്‍ക്ക് ജയം. ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (Manchester United) അറ്റലാന്റയെ തോല്‍പ്പിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് (Cristiano Ronaldo) വിജയ ഗോള്‍ നേടിയത്. 

ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് യുണൈറ്റഡ് ജയിച്ചത്. മാര്‍കസ് റാഷ്‌ഫോഡ്, ഹാരി മഗ്വയര്‍ എന്നിവരാണ് മറ്റ് ഗോളുള്‍ നേടിയത്. മാരിയോ പസാലിച്ച്, മെരിഹ് ഡെമിറാള്‍ എന്നിവരുടെ വകയായിരുന്നു അറ്റലാന്റയുടെ ഗോളുകള്‍. 

അതേസമയം ബാഴ്‌സലോണ (Barcelona) ആദ്യ ജയം നേടി. നിര്‍ണായകമായ മത്സരത്തില്‍ ഒറ്റഗോളിന് ഡൈനമോ കീവിനെ തോല്‍പിച്ചു. 36-ാം മിനിറ്റില്‍ ജെറാര്‍ഡ് പിക്വേയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് കളിയില്‍  ബെന്‍ഫിക്കയോടും ബയേണ്‍ മ്യൂണിക്കിനോടും ബാഴ്‌സലോണ തോറ്റിരുന്നു.

മറ്റൊരു മത്സരത്തില്‍ ചെല്‍സി (Chelsea) എതിരില്ലാത്ത നാലു ഗോളിന് മാല്‍മോയെ തകര്‍ത്തു. ജോര്‍ജിഞ്ഞ്യോ ഇരട്ടഗോള്‍ നേടി. ക്രിസ്റ്റെന്‍സന്‍, കയ് ഹാവെര്‍ട്ട്‌സ് എന്നിവരാണ് മറ്റ് ഗോള്‍ നേടിയത്. ബയേണ്‍ ചാംപ്യന്‍സ് ലീഗിലും ഗോള്‍ വര്‍ഷം തുടരുകയാണ്.  ബെന്‍ഫിക്കയെ എതിരില്ലാത്ത  നാലുഗോളിനാണ് ബയേണ്‍ മ്യൂണിക്ക് തകര്‍ത്തത്. 

ലിറോയ് സാനെ ഇരട്ടഗോള്‍ നേടി. പിന്നാലെ എവര്‍ട്ടന്‍ സോറസിന്റെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ലീഡുയര്‍ത്തി. ലെവന്‍ഡോവ്‌സ്‌കി 82ആം മിനുറ്റില്‍ പട്ടിക തികച്ചു.  തുടര്‍ച്ചയായ മൂന്നാം ജയമാണ് ബയേണ്‍ സ്വന്തമാക്കിയത്. മറ്റൊരു മത്സരത്തില്‍ യുവന്റസ് എതിരില്ലാത്ത ഒരുഗോളിന് സെനിറ്റിനെ തോല്‍പ്പിച്ചു. കുലുസേവ്‌സ്‌കിയാണ് വിജയഗോള്‍ നേടിയത്.

വിയ്യാറയല്‍ ഒന്നിനെതിരെ നാല് ഗോളിന് യംഗ് ബോയ്‌സിനെ തോല്‍പ്പിച്ചു.  ലില്ലെ- സെവിയ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Follow Us:
Download App:
  • android
  • ios