ഇഞ്ചുറി ടൈമിൽ ലീഡെടുത്ത പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോൾ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ടൊറാന്‍റോ: ലോകകപ്പിലെ അത്യന്തം നാടകീയമാ പോരാട്ടത്തിൽ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് മുന്നേറിയതിന് പിന്നാലെ പ്രതിഷേധവുമായി ക്രൊയേഷൻ ആരാധകര്‍. കാനഡയിലെ ടൊറാന്‍റോ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിനൊടുവിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇഞ്ചുറി ടൈമിൽ ലീഡെടുത്ത പോര്‍ച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ ക്രോയേഷ്യ സമനില ഗോൾ നേടിയെങ്കിലും വാര്‍ പരിശോധനക്കൊടുവില്‍ റഫറി ഗോള്‍ റദ്ദാക്കിയതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ക്രോയേഷ്യൻ ആരാധകർ കൂട്ടത്തോടെ മൈതാനത്തേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മത്സരം മാറ്റിയെഴുതിയ ഇൻജുറി ടൈമിലെ 'വാർ' നാടകം

മത്സരത്തിന്‍റെ നിശ്ചിത സമയത്തിന് ശേഷം പത്ത് മിനിറ്റാണ് ഇഞ്ചുറി ടൈമായി അനുവദിച്ചത്. പോർച്ചുഗൽ 2-1 ന് മുന്നിട്ടുനിൽക്കെ, കളിയുടെ അവസാന സെക്കൻഡുകളിൽ ക്രോയേഷ്യ പോർച്ചുഗൽ ബോക്സിലേക്ക് ഒരു ക്രോസ്സ് നൽകി. ബോക്സിനുള്ളിലെ വൻ ആശയക്കുഴപ്പങ്ങൾക്കൊടുവിൽ ക്രോയേഷ്യൻ ഡിഫൻഡർ ജോസ്കോ ഗവാർഡിയോൾ പന്ത് വലയിലെത്തിച്ചു. ഇതോടെ ക്രോയേഷ്യൻ ക്യാമ്പിൽ വൻ ആഘോഷം തുടങ്ങി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശയോടെ തല താഴ്ത്തി. എന്നാൽ ഈ ഗോൾ ഓഫ്‌സൈഡ് ആണോ എന്ന് പരിശോധിക്കാൻ റഫറി വാറിന്‍റെ സഹായം തേടി. 'സ്നിക്കോ' സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ക്രോയേഷ്യൻ താരം ഇഗോർ മാറ്റനോവിച്ച് തലകൊണ്ട് ഫ്ലിക്ക് ചെയ്ത പന്ത് സ്വീകരിക്കുമ്പോൾ മരിയോ പാസാലിച്ച് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു എന്ന് കണ്ടെത്തി. പോർച്ചുഗൽ താരം റെനാറ്റോ വെയ്ഗയുടെ ശരീരത്തിൽ തട്ടിയാണ് പന്ത് പാസാലിച്ചിലേക്ക് എത്തിയതെങ്കിലും, അത് മന:പൂർവമുള്ള ഡിഫെൻഡിംഗ് അല്ലെന്ന് റഫറി വിധിച്ചു. ഇതോടെ ഗവാർഡിയോളിന്‍റെ ഗോൾ റദ്ദാക്കപ്പെട്ടു.

Scroll to load tweet…

ഗോൾ നിഷേധിച്ചതോടെ ഗാലറിയിലുണ്ടായിരുന്ന ക്രോയേഷ്യൻ ആരാധകർ പ്രതിഷേധിക്കാന്‍ തുടങ്ങി. അവർ പോർച്ചുഗലിന്‍റെ ഗോൾ ബോക്സിനുള്ളിലേക്ക് കൂട്ടത്തോടെ വാട്ടർ ബോട്ടിലുകളും സോഫ്റ്റ് ഡ്രിങ്ക് കാനുകളും എറിഞ്ഞു. മൈതാനത്തെ മാലിന്യങ്ങൾ മാറ്റാൻ ഒഫീഷ്യലുകൾക്ക് ഏറെ സമയം വേണ്ടി വന്നതിനാൽ കളി പുനരാരംഭിക്കാൻ വൈകി. സ്റ്റേഡിയത്തിലുടനീളം കാണികൾ റഫറിക്കെതിരെ കൂവിവിളിക്കുകയും ചെയ്തു. മത്സരത്തിൽ പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് കളിയിലെ താരം. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്‍റെ തിരിച്ചുവരവ്. 1960നുശേഷം ആദ്യമായാണ് പോര്‍ച്ചുഗല്‍ ലോകകപ്പ് നോക്കൗട്ടില്‍ ഒരു ഗോളിന് പിന്നിലായശേഷം തിരിച്ചടിച്ച് ജയിക്കുന്നത്.

Scroll to load tweet…

ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 53-ാം മിനിറ്റില്‍ ഇവാൻ പെരിസിച്ച് നേടിയ തകർപ്പൻ ഗോളിലൂടെ ക്രോയേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് 41-കാരനായ റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. ലോകകപ്പ് ചരിത്രത്തിൽ റൊണാൾഡോ നേടുന്ന ആദ്യ 'നോക്കൗട്ട് ഘട്ട ഗോൾ' കൂടിയാണിത്. ഗോൾ നേടിയതിന് പിന്നാലെ 81-ാം മിനിറ്റിൽ റൊണാൾഡോയെ കോച്ച് റോബർട്ടോ മാർട്ടിനസ് പിൻവലിച്ചു. റൊണാൾഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് ഇഞ്ചുറി ടൈമില്‍ (90+4)പോർച്ചുഗലിന്‍റെ വിജയഗോൾ കുറിച്ച് ടീമിനെ പ്രീ-ക്വാർട്ടറിലേക്ക് നയിച്ചു. നാടകീയ വിജയത്തോടെ ക്രൊയേഷ്യയെ തോല്‍പിച്ചെങ്കിലും മുൻ ലോക ചാമ്പ്യന്മാരായ സ്പെയിൻ ആണ് പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെ കാത്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക